ആതന്‍സ് : ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ഗ്രീക്ക് തലസ്ഥാനമായ ആതന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയര്‍ന്ന താപനിലയും മൂലം തീ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ ഇരുപതോളം വാട്ടര്‍ ബോംബിങ്ങ് വിമാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. യുകെ, ഫ്രാന്‍സ്, യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് അധിക അഗ്നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് അയച്ചിട്ടുണ്ട്.
ആതന്‍സ് നഗരത്തിന് സമീപം വലിയ തോതില്‍ പുകയും ചാരവും എത്തിയത് മൂലം ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. വിവിധ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആറ് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ പെയ്ത കനത്ത മഴ കാട്ടുതീ തുര്‍ക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ട്.
യുറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനുസരിച്ച് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 56,655 ഹെക്ടര്‍ പ്രദേശമാണ് ഗ്രീസില്‍ കത്തിനശിച്ചത്.2008 മുതല്‍ 2020 വരെ ഇതേ കാലയളവില്‍ കത്തിനശിച്ചത് 1700 ഹെക്ടര്‍ വനഭൂമിയാണ്.
Discussion about this post