കാബൂള്‍ : അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി താലിബാന്‍ മുന്നേറുന്ന പശ്ചാത്തലത്തില്‍ പൗരന്മാരോട് എത്രയും വേഗം അഫ്ഗാന്‍ വിടാന്‍ നിര്‍ദേശിച്ച് യുഎസ്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ യുഎസ് പൗരന്മാരെ സഹായിക്കാനുളള കഴിവ് വളരെ പരിമിതമാണെന്ന് കാബൂളിലെ യുഎസ് സ്ഥാനപതി കാര്യാലയം ശനിയാഴ്ച അറിയിച്ചു.
അക്രമവും ഭീഷണികളും ഉയര്‍ന്നു വരുന്നതിനാല്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ലഭ്യമായ വാണിജ്യ വിമാനസര്‍വീസുകള്‍ ഉപയോഗപ്പെടുത്തി എത്രയും വേഗം അഫ്ഗാന്‍ വിടാനാണ് സ്ഥാനപതി കാര്യാലയം യുഎസ് പൗരന്മാരോട് നിര്‍ദേശിച്ചിരിക്കുന്നത്. വാണിജ്യ വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്തവര്‍ക്ക് പുനരധിവാസ വായ്പകള്‍ ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചു.
ഭൂരിഭാഗം അഫ്ഗാന്‍ നഗരങ്ങളും താലിബാന്‍ വളയുകയും ഒരു പ്രവിശ്യാതലസ്ഥാനം നിയന്ത്രണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ മാധ്യമവിഭാഗം മേധാവി ദവ ഖാന്‍ മിനപാലിനെ താലിബാന്‍ ഭീകരര്‍ വധിച്ചിരുന്നു. കാബൂളിലെ ദാറുല്‍ അമന്‍ റോഡില്‍ വെച്ച് വെള്ളിയാഴ്ച അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. അഫ്ഗാന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നത് മിനപാല്‍ ആണ്.
നേരത്തേ അഫ്ഗാന്‍ താല്കാലിക പ്രതിരോധമന്ത്രി ബിസ്മില്ല മുഹമ്മദിയുടെ വീടിനു നേരെയും താലിബാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് ഭീകരര്‍ മുന്നറിയിപ്പും നല്‍കി.സര്‍ക്കാരുമായി ബന്ധമുണ്ടെന്നാരോപിച്ച് കാണ്ഡഹാറിലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള ജില്ലകളില്‍ നിന്ന് നൂറ് കണക്കിന് നാട്ടുകാരെ താലിബാന്‍ തടവിലാക്കിയതായും ഇതില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ അധികൃതരുടെയും ബന്ധുക്കളെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിവരങ്ങള്‍ ബൈഡന്‍ ഭരണകൂടം സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും താലിബാന്‍ നിയന്ത്രിത മേഖലകളിലെ സംഘര്‍ഷങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകി വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇന്ന് പ്രവിശ്യതലസ്ഥാനമായ സാരഞ്ച് താലിബാന്റെ നിയന്ത്രണത്തിലായതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ന്യൂയോര്‍ക്കില്‍ യുഎന്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.