വാഷിംഗ്ടണ്‍ : ചൈനയുടെ പീഡനത്തില്‍ നിന്ന് രക്ഷ തേടിയെത്തിയ ഹോങ്കോങ്ങുകാര്‍ക്ക് താല്ക്കാലിക രക്ഷാകേന്ദ്രമാണ് യുഎസ് എന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇതോടെ ആയിരക്കണക്കിന് ഹോങ്കോങ് പൗരന്മാര്‍ക്ക് തങ്ങളുടെ താമസ കാലാവധി നീട്ടിക്കിട്ടാനുള്ള അവസരവും ഒരുങ്ങി.
ഇങ്ങനെ നീട്ടിക്കിട്ടുന്നവര്‍ക്ക് തൊഴിലിനുള്ള അനുമതിയും ലഭിക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാന്‍ഡ്രോ മേയര്‍ കാസ് പറഞ്ഞു. നിലവില്‍ യുഎസിലുള്ളവര്‍ക്ക് പതിനെട്ട് മാസത്തേക്ക് ഇവിടെ കഴിയാവുന്ന തരത്തില്‍ നയം നടപ്പാക്കാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റിന് ബൈഡന്‍ നിര്‍ദേശം നല്‍കി. യുഎസിന് ഹോങ്കോങ്ങിലെ ജനങ്ങളോടുള്ള പ്രതിബദ്ധത നഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എത്രപേരുണ്ടെന്ന കാര്യത്തില്‍ കൃത്യമായ വ്യക്തതയില്ലെങ്കിലും ഹോങ്കോങ്ങില്‍ നിന്ന് ചൈനീസ് പീഡന ഭീതിയെത്തുടര്‍ന്ന് രക്ഷപെട്ടവരില്‍ ഭൂരിഭാഗവും എത്തിച്ചേര്‍ന്നത് യുഎസിലാണെന്നാണ് വിലയിരുത്തല്‍. അങ്ങനെ വരുമ്പോള്‍ വലിയൊരു വിഭാഗം ജനതയ്ക്ക് യുഎസ് യഥാര്‍ഥത്തില്‍ രക്ഷാകേന്ദ്രം തന്നെയാകും.