സോള്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് അഭ്യൂഹം. തലയില്‍ സ്റ്റാംപ് വലിപ്പത്തിലുള്ള ബാന്‍ഡേജുമായി പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Mysterious spot and bandage appear on back of Kim Jong Un’s head https://t.co/IaRCEzzyTR pic.twitter.com/jd2Ppz7jdX
— Chad O'Carroll (@chadocl) August 2, 2021
കോവിഡ്, സാമ്പത്തിക പ്രയാസം, ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രതിസന്ധികളെ കിം എങ്ങനെ നേരിടുമെന്ന ചോദ്യങ്ങള്‍ക്കിടെയാണ് ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂലൈ 24 മുതല്‍ 27 വരെ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് കിമ്മിന്റെ തലയില്‍ ബാന്‍ഡേജ് ഉണ്ടായിരുന്നത്. ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ സൈറ്റിലും ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു.
തലയുടെ പിന്‍ഭാഗം ഷേവ് ചെയ്തുള്ള ഹെയര്‍സ്റ്റൈല്‍ ആയതിനാല്‍ കിമ്മിന്റെ ബാന്‍ഡേജ് വ്യക്തമായിരുന്നു. ബാന്‍ഡേജ് മാറ്റിയ ശേഷമുള്ള ചിത്രത്തില്‍ ഈ ഭാഗം കടുംപച്ച നിറത്തിലാണ് കാണുന്നത്. ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും കിമ്മിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി ഉത്തരകൊറിയയില്‍ നിന്ന് റിപ്പോര്‍ട്ടില്ല.
ഉത്തരകൊറിയ പരമരഹസ്യമാക്കി സൂക്ഷിച്ചിരിക്കുന്ന അനേകം കാര്യങ്ങില്‍ ഒന്നാണ് കിമ്മിന്റെ ആരോഗ്യം. ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ അപകടത്തിലാക്കിയും പ്രവര്‍ത്തിക്കുന്നവരായാണ് ഉത്തരകൊറിയ തങ്ങളുടെ നേതാക്കളെ പുറംലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മാസത്തെ ഇടവേളക്ക് ശേഷം ജൂണില്‍ പൊതുജനത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട കിം അസാധാരണമായി മെലിഞ്ഞിരിക്കുന്നതില്‍ ഉത്തരകൊറിയന്‍ ജനങ്ങള്‍ ഏറെ ദുഖിതരായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ രാജ്യം പുറത്തുവിട്ടിരുന്നു. അമിതവണ്ണവും പുകവലിയുമുള്ളതിനാല്‍ കിമ്മിന് അസുഖങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പ് 2014ലും ദീര്‍ഘനാള്‍ കിം പൊതുമധ്യത്തില്‍ നിന്നും അപ്രത്യക്ഷനായിരുന്നു.