വാഷിംഗ്ടണ്‍ : മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നികുതിയിനത്തില്‍ പത്ത് ലക്ഷം ഡോളര്‍ നല്‍കാനുണ്ടെന്ന് അധികൃതര്‍. 2011ലെ ടാക്‌സ് ബില്‍ അനുസരിച്ച് നികുതി കുടിശ്ശികയിനത്തില്‍ 1.03 ദശലക്ഷം ഡോളര്‍ ( ഏകദേശം 7 കോടി 43 ലക്ഷം രൂപ) തിരിച്ചടക്കാനുണ്ട്.
ഷിക്കാഗോയില്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ & ടവറിലെ മുറികളുടെ വില പുനര്‍നിര്‍ണയിച്ചതോടെയാണ് ട്രംപ് കുരുക്കിലായത്. നികുതി വെട്ടിച്ചുരുക്കണമെന്നാവശ്യപ്പെട്ട് ട്രംപ് നല്‍കിയ ഹര്‍ജി ഇല്ലിനോയിസ് പ്രോപര്‍ട്ടി ടാക്‌സ് അപ്പീല്‍ ബോര്‍ഡ് ജൂണില്‍ തള്ളിയിരുന്നു. തുടര്‍ന്ന് കുക്ക് കൗണ്ടി സ്‌റ്റേറ്റ്‌സ് അറ്റോര്‍ണി ഇതിനെതിരെ ഇല്ലിനോയിസ് അപ്പീല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് തുടരുന്നതിനാലാണ് ട്രംപില്‍ നിന്ന് ലഭിക്കാനുള്ള നികുതി കുടിശ്ശിക ഈടാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തത്.
ട്രംപിന്റെ നികുതി ബില്ലുകളുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി അധികൃതര്‍ തുടരുന്ന നിയമയുദ്ധത്തിലെ പുതിയ അധ്യായമാണ് ഇല്ലിനോയിസിലേത്. പന്ത്രണ്ടിലധികം വര്‍ഷം നീണ്ട കാലയളവിനിടെ 14 ദശലക്ഷം ഡോളര്‍ നികുതിവെട്ടിപ്പാണ് ട്രംപിന് മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഷിക്കാഗോയിലെ കെട്ടിടങ്ങളില്‍ ഒഴിഞ്ഞ് കിടക്കുന്ന മുറികള്‍ക്ക് വില നിര്‍ണയിക്കാനാവില്ലെന്നും അതിനാല്‍ നികുതി ചുമത്താന്‍ സാധിക്കില്ലെന്നുമാണ് ട്രംപിന്റെ വാദം.
ട്രംപിന് വേണ്ടി കേസുകള്‍ നടത്തി വിജയിച്ചിരുന്ന ആല്‍ഡര്‍മാന്‍ എഡ്വാര്‍ഡ് എം.ബര്‍ക്ക് എന്ന അഭിഭാഷകന്‍ നിയമക്കുരുക്കുകളില്‍ പെട്ട് വിചാരണയ്ക്കായി കാത്തിരിക്കുകയാണ്. നഗരപരിധിക്കുള്ളില്‍ പ്രവേശിക്കുന്നതിന് ഇയാള്‍ക്ക് വിലക്കുണ്ട്.