റോം : കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിച്ച് തുടങ്ങിയതോടെ വിദേശസഞ്ചാരികള്‍ക്ക് ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി ഇറ്റലി. രാജ്യത്ത് പ്രവേശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച കോവിഡ്19 സര്‍ട്ടിഫിക്കറ്റ് അഥവാ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കാനും
നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.
പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ ഉത്തരവനുസരിച്ച് ഓഗസ്റ്റ് ആറിന് ശേഷം റസ്റ്ററന്റുകള്‍, മ്യൂസിയങ്ങള്‍, സിനിമാശാലകള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്‌പോര്‍ട്ട്‌സ് സ്‌റ്റേഡിയങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം ഗ്രീന്‍ പാസുള്ളവര്‍ക്ക് മാത്രമായിരിക്കും. നിബന്ധനകള്‍ ലംഘിക്കുന്ന ഉടമയ്ക്കും ഉപഭോക്താവിനും 400 മുതല്‍ 1000 യുറോ വരെ പിഴ ചുമത്താനാണ് നിര്‍ദേശം. മൂന്ന് ദിവസത്തില്‍ കൂടുതല്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ബിസിനസ്സ് സംരംഭം അടച്ചുപൂട്ടുമെന്നും ഉത്തരവിലുണ്ട്.
റസ്റ്ററന്റുകള്‍ക്ക് പുറത്ത് ഔട്ട്‌ഡോര്‍ ടേബിളുകളില്‍ ഭക്ഷണമോ പാനീയമോ കഴിക്കുന്നതിനോ ബാറില്‍ നില്‍ക്കുന്നതിനോ പാസ് ആവശ്യമില്ല. പ്രാദേശിക ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലോ ആഭ്യന്തര വിമാന സര്‍വീസുകളിലോ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കിയിട്ടില്ല. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പാസ് നിബന്ധനകള്‍ ബാധകമല്ല. ജോലി സ്ഥലങ്ങളില്‍ പാസ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരും എത്രയും പെട്ടന്ന് വാക്‌സീനെടുക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. അധികകാലം അടച്ചുപൂട്ടിയിരിക്കാന്‍ കഴിയില്ലെന്നും ഇറ്റലിയുടെ സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗ്രീന്‍പാസിനെതിരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നൂറ് കണക്കിന് പേരാണ് ദിവസവും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. കോവിഡ് പ്രോട്ടോക്കോളുകള്‍ വകവയ്ക്കാതെയുള്ള ഇത്തരം പ്രകടനങ്ങള്‍ അധികൃതര്‍ക്ക് നല്‍കുന്ന ആശങ്ക ചെറുതല്ല.