കോവിഡ് ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി: ചിക്കന്‍ പോക്‌സ് പോലെ പടരും; മുന്നറിയിപ്പുമായി അമേരിക്കന്‍ ആരോഗ്യ വിഭാഗം

വാഷിങ്ടണ്‍: കോറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാള്‍ കൂടുതല്‍ അപകടകാരിയെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കന്‍ പോക്‌സ് പോലെ പടരുമെന്നും അമേരിക്കന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്‌സിനെടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്നും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രെവെന്‍ഷന്റെ രേഖകള്‍ പറയുന്നു. ദി വാഷിംഗ്ടണ്‍ പോസ്റ്റ് പത്രമാണ് രേഖകളിലെ വിവരങ്ങള്‍ പുറത്ത് വിട്ടത്.

കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഇന്ത്യയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. മെര്‍സ്, സാര്‍സ്, എബോള തുടങ്ങിയ രോഗങ്ങളെക്കാള്‍ രോഗവ്യാപന ശേഷി ഡെല്‍റ്റ വകഭേദത്തിനുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഴ്ചതോറും അമേരിക്കയിലെ വാക്‌സിനെടുത്ത 35,000 പേരില്‍ രോഗലക്ഷണങ്ങളോടെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥ രോഗബാധ ഇതിലും കൂടുതലാകാനാണ് സാധ്യത. എന്നാലും വാക്‌സിനുകള്‍ ഗുരുതര രോഗബാധ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. രോഗപ്പകര്‍ച്ച തടയാന്‍ വാക്‌സിന് പരിമിതിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

Exit mobile version