ബെയ്ജിങ്ങില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു : ചൈന വീണ്ടും ലോക്ക്ഡൗണിലേക്ക്

China | Bignewslive

ബെയ്ജിങ് : കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. ചൈനീസ് നഗരമായ നാന്‍ജിങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ ബെയ്ജിങ്ങ് ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ്‌ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും മഹാമാരി അതിജീവിച്ചതുമായ രാജ്യമാണ് ചൈന. എന്നാല്‍ ഇത്തവണ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിങ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ഡെല്‍റ്റ വകഭേദം അതിവേഗത്തിലാണ് വ്യാപിച്ചത്. ജൂലൈ 20ന് നാന്‍ജിങ് വിമാനത്താവളത്തിലെ ഒമ്പതോളം ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ജൂലൈ പത്തിന് റഷ്യയില്‍ നിന്നുള്ള സിഎ 910 ഫ്‌ളൈറ്റ് ശുചീകരിച്ചത് ഈ തൊഴിലാളികളാണെന്ന് അധികൃതര്‍ പറയുന്നു. വെള്ളിയാഴ്ചയോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 184 ആയി ഉയര്‍ന്നു.ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 206 കേസുകള്‍ നാന്‍ജിങ് കോവിഡ് ക്ലസ്റ്ററിലാണ്. ഇത് ഡെല്‍റ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജിയാങ്‌സു പ്രവിശ്യയില്‍ ആയിരക്കണക്കിന് ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നഗരത്തില്‍ 9.2 ദശലക്ഷം ആളുകളെ രണ്ടുതവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

നാന്‍ജിങ്ങില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ നിരവധി പേര്‍ വാക്‌സീന്‍ സ്വീകരിച്ചവരാണെന്ന് ഒരു മുതിര്‍ന്ന ഡോക്ടര്‍ വെളിപ്പെടുത്തിയതോടെ ആഭ്യന്തര വാക്‌സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.ചൈനീസ് വാക്‌സീന്‍ ഉപയോഗിച്ച തായ്‌ലാന്‍ഡ്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

Exit mobile version