റിയാദ് : കോവിഡ് കേസുകളും പുതിയ വകഭേദങ്ങളും മൂലം യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ‘റെഡ് ലിസ്റ്റില്‍ ‘ ഉള്‍പ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ സൗദി മന്ത്രാലയം. സൗദി പൗരന്മാര്‍ ഈ രാജ്യങ്ങളില്‍ പ്രവേശിച്ചാല്‍ മൂന്ന് വര്‍ഷം വരെ വിദേശയാത്ര വിലക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
നിരോധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ ചൊവ്വാഴ്ച സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന,ബ്രസീല്‍, ഈജിപ്ത്, എത്യോപിയ, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങി ഇരുപതിനടുത്ത് രാജ്യങ്ങളെയാണ് സൗദി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതായി തെളിഞ്ഞാല്‍ കനത്ത പിഴയും മറ്റ് നിയമപരമായ നടപടിയും സ്വീകരിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ യാത്രക്കാര്‍ക്ക് 3 വര്‍ഷത്തേക്ക് വിദേശയാത്ര നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കോവിഡ് ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് ആവശ്യപ്പെട്ട മന്ത്രാലയം വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് അകല്‍ച്ച പാലിക്കണമെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.