ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ ഭാരോദ്വഹന താരത്തിന് സമ്മാനപ്പെരുമഴയുമായി ഫിലിപ്പീന്‍സ്. ഫിലിപ്പീന്‍സിലേക്ക് ആദ്യത്തെ ഒളിംപിക് സ്വര്‍ണ മെഡല്‍ എത്തിച്ചിരിക്കുകയാണ് ഹിദില്‍യന്‍ ദയാസ്.
55 കിലോ വിഭാഗത്തില്‍ നടന്ന വനിതകളുടെ ഭാരോദ്വഹനത്തിലാണ് ദയാസ് ആദ്യമായി ഫിലിപ്പീന്‍സിനായി സ്വര്‍ണം നേടിക്കൊടുത്തത്. ആജീവനാന്തം സൗജന്യ വിമാനയാത്രയാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. പുറമെ ഫിലിപ്പീന്‍സ് സര്‍ക്കാറും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
എയര്‍ ഏഷ്യയുടെ എഷ്യ, ആസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, യുഎസ് ഫ്ളൈറ്റുകളിലാണ് സൗജന്യ വിമാന യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫിലിപ്പീന്‍ ജനതക്ക് പ്രചോദനമാണ് ദയാസിന്റെ നേട്ടമെന്ന് എയര്‍ ഏഷ്യ സിഇഒ റിക്കി ഇസ്ല പറഞ്ഞു.
ഫോണിക്സ് പെട്രോളിയം സൗജന്യ ഇന്ധനം വാഗ്ദാനം ചെയ്തിട്ടുണ്ട്. പുറമെ 5 മില്യണ്‍ പെസോ (ഏകദേശം 74 ലക്ഷം)യും കമ്പനി വാഗ്ദാനം ചെയ്തു. ഫിലിപ്പീനോ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും ഭാവിയില്‍ മറ്റു കായിക താരങ്ങള്‍ക്കിത് പ്രചോദനമാണെന്നും ഫോണിക്സ് പെട്രോളിയം മേധാവി ഡെന്നിസ് പറഞ്ഞു.
ഫോണിക്സിന്റെ തന്നെ കായിക സംരംഭം വഴിയാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഒളിമ്പിക്സ് അടക്കമുള്ള ലോകോത്തര കായിക മത്സരങ്ങളിലേക്ക് ഫിലിപ്പീന്‍ ജനതയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഫോണെക്സ് തങ്ങളുടെ കായിക സംരംഭത്തിന് തുടക്കമിട്ടത്.
ഒളിമ്പിക്സ് റെക്കോര്‍ഡോടെയായിരുന്നു ദയസിന്റെ സ്വര്‍ണ നേട്ടം. ആകെ 224 കിലോയാണ് താരം ഉയര്‍ത്തിയത്. 1924 മുതല്‍ ഒളിമ്പിക്സില്‍ മത്സരിക്കുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. എന്നാല്‍ അവര്‍ക്ക് സ്വര്‍ണം നേടാന്‍ 2021 വരെ കാത്തിരിക്കേണ്ടി വന്നു.
ചൈനയുടെ ലോക റെക്കോര്‍ഡ് ജേതാവ് ലിയാവോ ക്വുയിനെ അട്ടിമറിച്ചായിരുന്നു ദയാസിന്റെ സുവര്‍ണനേട്ടം. നേരത്തെ, റിയോ ഒളിമ്പിക്‌സില്‍ ദയാസ് വെള്ളി മെഡല്‍ നേടിയിരുന്നു.