കൊടുങ്കാറ്റു പോലെ എത്തിയ കൊതുകുപടയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്ന വീഡിയോ. റഷ്യയുടെ കിഴക്കന്‍ തീരപ്രദേശത്തുള്ള അസ്റ്റ് കാംചാറ്റ്‌സ്‌ക് എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന കൊതുകുപട എത്തിയത്.
വമ്പന്‍ ചുഴലിക്കാറ്റ് പോലെ കോടാനുകോടി കണക്കിന് കൊതുകുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമത്തിലുടനീളം വട്ടമിട്ടു പറന്നുയര്‍ന്നത്. സംഭവത്തിന്റെ വീഡിയോ തരംഗമായി കഴിഞ്ഞു. തീരദേശത്ത് വലിയ തൂണുകളുടെ ആകൃതിയില്‍ കൊതുകു ടൊര്‍ണാഡോകള്‍ രൂപപ്പെട്ടതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പൊടിപടലങ്ങള്‍ക്കൊപ്പം കോടിക്കണക്കിന് കൊതുകുകള്‍ കൂട്ടമായി തറയില്‍ നിന്നും ഉയര്‍ന്നു പറന്നതോടെ പ്രദേശത്ത് സൂര്യപ്രകാശത്തെ പോലും മറച്ചു. പ്രധാന നിരത്തുകളിലും കൊതുകു ടൊര്‍ണാഡോകള്‍ രൂപപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വാഹനം മുന്നോട്ടെടുക്കാന്‍ പോലുമാവാതെ യാത്രക്കാരും പ്രശ്‌നത്തിലായി. തുടക്കത്തില്‍ ചുഴലികാറ്റുകള്‍ രൂപപ്പെടുകയാണെന്നാണ് ഗ്രാമവാസികളും കരുതിയത്. എന്നാല്‍ പിന്നീടാണ് ഇവ കൊതുകുകളുടെ കൂട്ടമാണെന്ന് തിരിച്ചറിഞ്ഞത്.
നോക്കുന്നിടത്തെല്ലാം കൊതുകുകള്‍ ഇരച്ചെത്തുന്നതാണ് കണ്ടത്. ഗ്രാമവാസികളില്‍ പലരും ഇതുമൂലം പുറത്തേക്കിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയായിരുന്നു. കൊതുകുകള്‍ കൂട്ടമായിയെത്തുന്നത് ഈ പ്രദേശത്ത് പതിവാണെങ്കിലും ഇത്ര വലിയ പ്രതിഭാസം ഇതാദ്യമാണ്. കൊതുക് നാശിനികളൊന്നും ഈ വമ്പന്‍ കൂട്ടത്തെ തുരത്താന്‍ ഫലപ്രദമാകാറില്ല.
Discussion about this post