ലണ്ടന്‍: കൊവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന കേസുകള്‍ അരലക്ഷം കടന്നു നില്‍ക്കെ, സര്‍വ നിയന്ത്രണങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി യുകെ. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും തുടങ്ങിയ എല്ലാം അവസാനിപ്പിക്കുകയാണ് രാജ്യം. ഇന്ന് ഫ്രീഡം ഡേ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതുവരെ തുറക്കാന്‍ നിയന്ത്രണങ്ങളുണ്ടായിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ തുറക്കാന്‍ അനുമതി നല്കി. പൊതുസ്ഥലത്ത് മാസ്ക് നിര്‍ബന്ധമല്ല, പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളും ഇന്നവസാനിക്കും. രാജ്യത്ത് മൂന്നാം തരംഗം പിടിമുറുക്കുന്ന വേളയിലാണ് അപ്രതീക്ഷിത നീക്കം. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാല്‍, പ്രായപൂര്‍ത്തിയായവരില്‍ 67.8% രണ്ടു ഡോസും വാക്സീനും 87.8% ഒരു ഡോസും വാക്സീന് സ്വീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം കഠിനമാകില്ല എന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും.
2 ഡോസ് വാക്സീനുമെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായതിനു പിന്നാലെ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ധനമന്ത്രി ഋഷി സുനകും ഐസലേഷനിലായി. കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് ഐസലേഷന്‍ ഒഴിവാക്കുന്ന പൈലറ്റ് പദ്ധതി പ്രകാരം ക്വാറന്റീന് വേണ്ടെന്നു വയ്ക്കുന്നതായി ഇരുവരും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.
Discussion about this post