വാഷിംഗ്ടണ്‍ : കോവിഡിനെക്കുറിച്ച് ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന തെറ്റായ വിവരങ്ങളാണ് ആളുകളെ കൊല്ലുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് തടയിടാന്‍ സമൂഹമാധ്യമങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കണമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.
“കോവിഡിനെക്കുറിച്ച് ഫേസ്ബുക്കിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളാണ് യഥാര്‍ഥ വില്ലന്‍. അവ ആളുകളെ കൊല്ലുകയാണ്. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് മഹാമാരിയുടെ പ്രത്യാഘാതം പ്രതീക്ഷിക്കേണ്ടത് വാക്‌സീന്‍ എടുക്കാത്ത ആളുകളാണ്. എന്നാല്‍ ഇത്തരം മുറിവാര്‍ത്തകള്‍ എല്ലാവരെയും ഒരുപോലെ ബാധിക്കും.” വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.യുഎസില്‍ നിലവില്‍ കോവിഡ് ബാധിക്കുന്നതും മരണം സംഭവിക്കുന്നതും വാക്‌സീന്‍ എടുക്കാത്തവരിലാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ എടുക്കുന്ന നടപടികള്‍ തൃപ്തികരമല്ലെന്ന് വൈറ്റ് ഹൗസിന്റെ പ്രസ് സെക്രട്ടറി ജെന്‍ സാക്കിയും അഭിപ്രായപ്പെട്ടിരുന്നു.ഇതാദ്യമായല്ല ഫേസ്ബുക്ക് യുഎസ് ഗവണ്‍മെന്റിന്റെ വിമര്‍ശനം നേരിടുന്നത്.ഫേസ്ബുക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്ക് കല്‍പ്പിക്കുന്നു എന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. ബൈഡന്‍ ഗവണ്‍മെന്റിനുള്ളത് ആന്റി വാക്‌സീന്‍ പോലുള്ള കണ്ടന്റുകള്‍ തടയാന്‍ ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നുള്ള ശ്രദ്ധക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളാണ്.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് കര്‍ശന നടപടികള്‍ തന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കമ്പനി വക്താവ് കെവിന്‍ മക്ലെയ്‌സര്‍ അറിയിച്ചു.കോവിഡിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഒരു കോടിയിലധികം അക്കൗണ്ടുകളാണ് തങ്ങള്‍ നീക്കം ചെയ്തതെന്നും ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ കമ്പനി അധിക ശ്രദ്ധ ചെലുത്താറുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്കിനൊപ്പം തന്നെ യൂട്യൂബിനും ട്വിറ്ററിനും കോവിഡിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്റേ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.