ബെര്‍ലിന്‍ : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ 19 പേര് മരിച്ചു. നിരവധി പേരെ കാണാതായി. വെള്ളപ്പൊക്കത്തില്‍പ്പെട്ട് വാഹനങ്ങള്‍ ഒഴുകിപ്പോകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറന്‍ പ്രവിശ്യയായ യുസ്കിര്ഷെനില് മാത്രം എട്ട് പേര് മരിച്ചു.കോബ്ലെന്‍സ് നഗരത്തില്‍ നാല് പേര് മരിച്ചിട്ടുണ്ടെന്നാണ് ഇതുവരെ കിട്ടിയ റിപ്പോര്‍ട്ട്.രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരും മരണപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രക്ഷ തേടി വീടുകളുടെ ടെറസില്‍ അഭയം പ്രാപിച്ച അമ്പതോളം പേര് കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് ആറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
റെയ്ന്‍ ഡീഗ് പ്രവിശ്യയിലെ സ്റ്റെയിന്‍ബാഷല്‍ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉള്‍പ്പടെയുള്ള നാശനഷ്ടം ഇനിയും ഉയാരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റനെറ്റ്, ഫോണ്‍ ബന്ധം എന്നിവ താറുമാറായത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എഴുപതോളം പേരെ ഇതുവരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്നു കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
Discussion about this post