ഷിക്കാഗോ: അപൂര്‍വ്വ രോഗബാധിതനായി വീല്‍ചെയറില്‍ കഴിയുന്ന കുട്ടിയെ പാര്‍ക്കില്‍ നിന്നും പുറത്താക്കിയതായി പരാതി. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച് ജീവിതം വീല്‍ചെയറിലേക്ക് ചുരുങ്ങിപ്പോയ ജോര്‍ദാന്‍ ബ്ലോക്ക് എന്ന പത്തുവയസ്സുകാരനാണ് ദുരനുഭവം നേരിട്ടത്. ഷിക്കാഗോയില്‍ നിന്നുമാണ് വാര്‍ത്ത. അമ്മയുമൊത്ത് പാര്‍ക്കിലെത്തിയ ജോര്‍ദാനെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ മടക്കി അയയ്ക്കുകയായിരുന്നു.
മില്ലേനിയം പാര്‍ക്കിലെ ക്രൗണ്‍ ഫൗണ്ടൈന്‍ ഏരിയയിലെ ഉദ്യോഗസ്ഥരാണ് പരുഷമായി കുട്ടിയോട് മാറിയത്. ജോര്‍ദാന്റെ വീല്‍ചെയര്‍ പാര്‍ക്കിലെത്തിയ മറ്റു കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകും എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. രണ്ട് വയസ്സുമുതല്‍ വീല്‍ചെയറിലാണ് ജോര്‍ദാന്റെ ജീവിതം. കൂട്ടുകാര്‍ക്കൊപ്പം കളിക്കാനോ മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടാനോ അവസരമില്ലാത്ത തനിക്ക് ആകെയുള്ള ആശ്വാസം പാര്‍ക്കിലേക്കുള്ള യാത്രകള്‍ മാത്രമാണെന്ന് ജോര്‍ദാന്‍ പറയുന്നു.
ഒരുതരത്തിലും അംഗീകരിക്കാനാവാത്ത നടപടി എന്ന് സംഭവത്തില്‍ ജോര്‍ദാന്റെ അമ്മ പ്രതികരിച്ചു. ഡോക്ടറെ കാണിച്ച് മടങ്ങുംവഴി ഇടയ്ക്ക് പാര്‍ക്കില്‍ മകനുമായി സന്ദര്‍ശനം നടത്താറുണ്ട്. എന്നാല്‍ ഈ സംഭവം ജോര്‍ദാനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളയുകയാണ് ചെയ്തതെന്ന് അമ്മ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. തന്റെ മകന് ഏറെ കരഞ്ഞ ദിവസമായിരുന്നു അത് എന്നും കുറിപ്പില്‍ ഉണ്ട്. ജോര്‍ദാന്‍ തന്റെ വീല്‍ചെയര്‍ കൃത്യമായി ഓടിക്കാന്‍ അറിയാം.
ഇന്നേവരെ ഒരു അപകടവും ഉണ്ടായിട്ടുമില്ല. ഉദ്യോഗസ്ഥരെ ഇത് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അമ്മ പറയുന്നു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് പാര്‍ക്ക് അധികൃതര്‍ രംഗത്തെത്തി. ജോര്‍ദാന്‍ ഉണ്ടായ അനുഭവം ഓര്‍ത്ത് ഏറെ വിഷമിക്കുന്നതായും കുടുംബത്തോട് മാപ്പ് പറയുന്നതായും അറിയിച്ചുകൊണ്ട് പാര്‍ക്ക് പ്രസ്താവനയും പുറത്തിറക്കി.
Discussion about this post