അഫ്ഗാനില്‍ താലിബാന്‍ പിടിമുറുക്കുന്നു : കാണ്ഡഹാറില്‍ നിന്ന് 50 ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ

Afghanistan | Bignewslive

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ കണക്കിലെടുത്ത് കാണ്ഡഹാറിലെ കോണ്‍സുലേറ്റില്‍ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചു. കോണ്‍സുലേറ്റ് താല്ക്കാലികമായി അടച്ചു.

വ്യോമസേന വിമാനത്തില്‍ ഉദ്യോഗസ്ഥരെ ഡല്‍ഹിയിലെത്തിച്ചതായി ഔദ്യോഗിക വൃത്തങ്ങളാണ് അറിയിച്ചത്. സുരക്ഷാക്രമീകരണങ്ങള്‍ കണക്കിലെടുത്ത് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. അഫ്ഗാനില്‍ കാര്യങ്ങള്‍ വഷളാകുന്നത് സംബന്ധിച്ച് ഇന്ത്യയില്‍ ആശങ്കകള്‍ വര്‍ധിച്ചു വരുന്നതിനിടെ സ്ഥിതിഗതികളെക്കുറിച്ച് അറിയാന്‍ അഫ്ഗാന്‍ അംബാസഡര്‍ ഹരീദ് മമുന്ദ്‌സെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിങ്കലയുമായി ചര്‍ച്ച നടത്തി.

അഫ്ഗാന്‍ സന്ദര്‍ശിക്കുന്നവരും അവിടെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കഴിഞ്ഞയാഴ്ച ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഞായറാഴ്ച് യുഎസ് സൈന്യം ഇരുപത് വര്‍ഷത്തെ പോരാട്ടം അവസാനിപ്പിച്ച് ബഗ്രം വ്യോമസേന താവളം ഒഴിഞ്ഞതോടെ ഇത് മുതലെടുത്ത് താലിബാന്‍ നിയന്ത്രണം വ്യാപിപ്പിക്കുകയാണ്. ഇതുവരെ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു.ഇറാന്‍
-അഫ്ഗാന്‍ പ്രധാന അതിര്‍ത്തിയായ ഇസ്ലാം ക്വാല കൂടി കീഴടക്കിയതോടെ പ്രധാനപ്പെട്ട എല്ലാ ഭാഗങ്ങളും താലിബാന് കീഴിലായ സ്ഥിതിയാണ്.

Exit mobile version