ബ്രസ്സൽസ്: ലോകത്തിന് തന്നെ ആശങ്ക പകർന്നുകൊണ്ട് കോവിഡ്19 രോഗം ബാധിച്ച് മരിച്ചയാളുടെ ശരീരത്തിൽ വൈറസിന്റെ ആൽഫ, ബീറ്റ വകഭേദങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഒരേ സമയം രണ്ട് വകഭേദങ്ങളും 90കാരിയായ രോഗിയെ ബാധിച്ചിരുന്നതായി ബെൽജിയം ഗവേഷകരാണ് വെളിപ്പെടുത്തിയിരിക്കുന്നത്. രോഗിയിലുള്ള വൈറസ് വകഭേദങ്ങൾ തിരിച്ചറിയാത്തതോ വേണ്ടത്ര ഗൗരവം നൽകാത്തതോ ആവാം മരണത്തിന് കാരണമായതെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
കോവിഡ് രോഗികളിൽ അപൂർവമായി മാത്രമാണ് ഒന്നിലധികം വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയിട്ടുള്ളത്. ആൽസ്റ്റിലെ ഒഎൽവി ആശുപത്രിയിൽ മാർച്ചിൽ പ്രവേശിച്ച രോഗി അഞ്ചുദിവസങ്ങൾക്ക് ശേഷമാണ് രോഗം ഗുരുതരമായി മരണത്തിന് കീഴടങ്ങിയത്. ഇവർ വാക്സിൻ സ്വീകരിച്ചിരുന്നില്ല.
ബെൽജിയത്തിൽ ആ സമയത്ത് രണ്ട് വകഭേദങ്ങളും വ്യാപിച്ചിരുന്നതായും മരിച്ച രോഗിയ്ക്ക് വ്യത്യസ്ത വ്യക്തികളിൽ നിന്ന് രണ്ട് വകഭേദങ്ങളും ബാധിച്ചതായിരിക്കാമെന്നും ഒഎൽവി ആശുപത്രിയിലെ മോളികുലർ ബയോളജിസ്റ്റായ ആൻ വാൻകീർബർഗൻ പറഞ്ഞു. രണ്ട് വകഭേദങ്ങളും ഒരേ സമയം ബാധിച്ചതാണോ രോഗിയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ലെന്നും രാജ്യത്തെ ആദ്യത്തെ സംഭവമാണിതെന്നും വാൻകീർബർഗൻ കൂട്ടിച്ചേർത്തു.
അതേസമയം, ബ്രസീലിലും സമാനമായ രണ്ട് കേസുകൾ ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post