ധാക്ക : കോവിഡ് കാലത്തും ബംഗ്ലദേശിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കാണ്, കാരണം ഒരു ചെറിയ പശുവും. ചെറിയ പശുവെന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശു – 51 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ‘റാണി’.
ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ചാരിഗ്രാമിലാണ് റാണിയുള്ളത്. 66 സെന്റിമീറ്ററാണ് റാണിയുടെ നീളം. രണ്ട് വയസ്സെത്തിയിട്ടും 51 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള റാണി നിലവില്‍ ഗിന്നസ് റെക്കോര്‍ഡുള്ള ഏറ്റവും ചെറിയ പശുവിനേക്കാള്‍ പത്ത് സെന്റിമീറ്റര്‍ ചെറുതാണ്. വെച്ചൂര്‍ ഇനത്തില്‍പെട്ട മാണിക്യനെന്ന ഈ പശു കേരളത്തിലാണ് ഉള്ളത്. 61.6 സെന്റിമീറ്ററാണ് മാണിക്യന്റെ ഉയരം.റാണിയെക്കുറിച്ച് കേട്ടറിഞ്ഞ് ദൂരദേശങ്ങളില്‍ നിന്ന് പോലും ഫാമിലേക്ക് ആളുകളുടെ ഒഴുക്കാണെന്ന് ഫാമിന്റെ മാനേജരായ ഹസ്സന്‍ പറയുന്നു. മൂന്നു ദിവസം കൊണ്ട് പതിനയ്യായിരത്തില്‍ പരം ആളുകള്‍ ഇവിടെയെത്തിക്കഴിഞ്ഞു. സന്ദര്‍ശകര്‍ക്ക് ടേപ്പ് ഉപയോഗിച്ച് റാണിയുടെ ഉയരം വ്യക്തമാക്കിക്കൊടുക്കാറുമുണ്ട് ഹസ്സന്‍.
റാണിയുടെ ഉയരത്തെക്കുറിച്ച് ഗിന്നസ് അധികൃതരെ അറിയിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.ഭൂട്ടാനില്‍ നിന്നെത്തിച്ച ഭൂട്ടി ഇനത്തില്‍പ്പെട്ട പശുവാണ് റാണി. ഇതേ ഇനത്തില്‍പ്പെട്ട ഫാമിലെ മറ്റ് പശുക്കളെല്ലാം റാണിയേക്കാള്‍ രണ്ടിരട്ടി വലിപ്പമുള്ളവയാണ്. രണ്ട് വയസ്സ് പിന്നിട്ട സിഥിതിക്ക് ഇനി റാണിക്ക് വലിപ്പം വയ്ക്കാനുള്ള സാധ്യത തീരെയില്ലെന്ന് ഗവണ്‍മെന്റ് മൃഗ ഡോക്ടറായ സജേദുല്‍ ഇസ്ലാം പറയുന്നു. കൊറോണ പകരുന്നതിനാല്‍ ഫാമിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post