സിഡ്നി : 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ചു എന്ന് കരുതിയ ഓസ്ട്രേലിയന്‍ എലിവര്ഗമായ ഗൗള്‍ഡ്സ് എലിയെ വീണ്ടും കണ്ടെത്തി. പടിഞ്ഞാറന്‍ ഓസ്ട്രേലിയക്ക് പുറത്തുള്ള ദ്വീപുകളിലാണ് ഇവ വസിക്കുന്നതായി കണ്ടെത്തിയത്.
പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഗവേഷകര്‍ വംശനാശം സംഭവിച്ച എട്ട് എലികളുടെ ഡിഎന്‍എ സാംപിളുകളുടേതുമായി ഇവയുടെ ഡിഎന്‍എ താരതമ്യം ചെയ്താണ് ഇവ ഗൗള്‍ഡ്സ് തന്നെയെന്ന് ഉറപ്പാക്കിയത്.1788ന് ശേഷം ഓസ്ട്രേലിയയില്‍ വംശനാശം സംഭവിച്ച സസ്തനികളില്‍ 41 ശതമാനവും നേറ്റീവ് എലികള്‍ ആണെന്നാണ് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് ആയ എമിലി റോയ്ക്രാഫ്റ്റ് പറയുന്നത്. വംശനാശം സംഭവിച്ച ഈ എലിയുടെ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ കുടിയേറ്റത്തിന് മുമ്പ് കിഴക്കന്‍ ഓസ്ട്രേലിയയില്‍ ഗൗള്‍സ് എലികള്‍ സാധാരണമായും വ്യാപകമായും കാണപ്പെട്ടിരുന്നു.കറുത്ത എലികളേക്കാള്‍ താരതമ്യേന ചെറുതായി കാണപ്പെടുകയും ചെറിയ ഗ്രൂപ്പുകളായി ഒന്നിച്ച് ജീവിക്കുകയും ചെയ്തിരുന്നവയായിരുന്നു ഗൗള്‍ഡ് എലികള്‍.കുറ്റിക്കാട്ടില്‍ 15 സെന്റിമീറ്ററോളം മാളമുണ്ടാക്കിയാണ് ഇവ താമസിച്ചിരുന്നത്. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ഷാര്‍ക്ക് ബേ എലികളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്തവയാണ് ഗൗള്‍ഡ് എലികള്‍ എന്നതിനാല്‍ ഷാര്‍ക്ക് ബേ എലികളുടെ ഡിഎന്‍എയുമായും ഇവയെ താരതമ്യം ചെയ്തിരുന്നു.
Discussion about this post