മനില : ഫിലിപ്പീന്‍സില്‍ സേനാ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ അമ്പതായി. 96 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഞായറാഴ്ച പ്രാദേശിക സമയം 11.30ന് സുലു പ്രവിശ്യയിലെ ജോലോ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് സി-130 വിമാനം തകര്‍ന്നുവീണത്.സൈനികരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. നിലത്തുണ്ടായിരുന്ന മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് പേരെ കാണാതായെന്ന് ആദ്യം റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും എല്ലാ യാത്രക്കാരെയും തിരിച്ചറിഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിമാനം തകര്‍ന്നുവീണതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഫിലിപ്പീന്‍സിലെ സായുധ സേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിന് നേരെ ആക്രമണമുണ്ടായതായി സൂചനയില്ലെന്ന് മേജര്‍ ജനറല്‍ എഡ്ഗാര്‍ഡ് അരേവാലോ വ്യക്തമാക്കി. വിമാനം നിലംപതിക്കുന്നതിന് മുമ്പ് നിരവധി സൈനികര്‍ പുറത്തേക്ക് ചാടിയെന്ന് പ്രദേശിക സൈനിക സേനയായ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് സുലുവിന്റെ പ്രസ്താവനയില്‍ പറയുന്നു.
അടുത്തിടെ സൈനിക പഠനം പൂര്‍ത്തിയാക്കിയവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ദ്വീപിലെ ഭീകരരെ നേരിടുന്നതിനായാണ് ഇവരെ അയച്ചത്. വര്‍ഷങ്ങളോളമായി പ്രവിശ്യയിലെ അബു സയ്യഫ് ഭീകരരുമായി സര്‍ക്കാര്‍ പോരാട്ടത്തിലാണ്. ഇവര്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായി അടുത്തിടെ സഖ്യം ചേര്‍ന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. യുഎസും ഫിലിപ്പീന്‍സും ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭീകരസംഘടനയാണ് അബു സയ്യഫ്.
കഴിഞ്ഞ ഒരാഴ്ചയായി സുലു പ്രവിശ്യയില്‍ കനത്ത മഴയാണ്. എന്നാല്‍ മോശം കാലാവസ്ഥയാണോ അപകടത്തിന് പിന്നില്‍ എന്ന് വ്യക്തമല്ല.