കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്: അതീവ ജാഗ്രത

Drone | Bignewslive

തിരുവനന്തപുരം : ഡ്രോണ്‍ ആക്രമണ സാധ്യതയുള്ളതിനാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജമ്മു കശ്മീരില്‍ വ്യോമസേനാ താവളത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

അതിര്‍ത്തി മേഖലകളില്‍ ഭീകര സംഘടനകള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണം നടത്താനുള്ള സാധ്യതകള്‍ രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതും തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.

ഏതാനും മാസങ്ങളായി കേരളത്തിലും തമിഴ്‌നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണമുണ്ട്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും തെക്കന്‍ തീരദേശ മേഖലയില്‍ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രത ശക്തമാക്കി. ശ്രീലങ്കയിലെ ഹമ്പന്തോഡ തുറമുഖം ചൈന ഏറ്റെടുത്തതും പുതിയ ഭീഷണിയാണ്. ഇന്ത്യന്‍ നേവി ഇന്റലിജന്‍സ് വിഭാഗം കേരള, തമിഴ്‌നാട് തീരത്ത് ശക്തമായ നിരീക്ഷണം നടത്തുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡ്രോണ്‍ ആക്രമണത്തില്‍ പ്രതിരോധിക്കാനുള്ള ഹൈ എന്‍ഡ് ഡ്രോണ്‍ ഇന്റര്‍സപ്റ്ററുകള്‍ക്കായി ഇസ്രയേലുമായി ഇന്ത്യ ബന്ധപ്പെട്ടിരുന്നു. ആഗോളതലത്തില്‍ ഇസ്രയേലാണ് ഡ്രോണുകളുടെ നിര്‍മാണത്തില്‍ മുന്‍ പന്തിയിലുള്ളത്.

Exit mobile version