ടോക്കിയോ : ജപ്പാനിലെ വിനോദസഞ്ചാര കേന്ദ്രമായ അറ്റാമി പട്ടണത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മരണം. നൂറ്റിമുപ്പതോളം വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലായി.
മഴ നിലയ്ക്കാത്തതിനാല്‍ പല തവണ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. 19 പേരെ രക്ഷിച്ചയായും 20 പേരെ കാണാതായതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം നിലച്ചു. തീരദേശ പട്ടണമായ അറ്റാമിയില്‍ നൂറ് കണക്കിന് രക്ഷാപ്രവര്‍ത്തകരും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
ടോക്കിയോയില്‍ നിന്ന് 90 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള അറ്റാമിയില്‍ കഴിഞ്ഞ 48 മണിക്കൂറിനകം 313 മില്ലിമീറ്റര്‍ മഴ പെയ്തു. ജൂലൈയില്‍ ആകെ കിട്ടാറുള്ള ശരാശരി മഴ 242.5 മില്ലിമീറ്ററാണ്. കാലാവസ്ഥാ വ്യതിയാനമാണ് അതിശക്തമായ മഴയ്ക്ക് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജപ്പാനില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Discussion about this post