ടെൽ അവീവ്: വീണ്ടും സാങ്കേതിക തന്ത്രങ്ങൾ കൊണ്ട് ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ. രാജ്യത്തിന്റെ സുരക്ഷയ്ക്കായി അത്യാധുനിക ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ഒരുക്കുന്നതിൽ മുൻപന്തിയിലായ ഇസ്രായേൽ ഇത്തവണ അമ്പരപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് കരസ്ഥമാക്കിയിരിക്കുന്നത്. എതിരാളികളിൽ നിന്ന് സൈനികരെ ‘അദൃശ്യരാക്കി’ മാറ്റുന്ന സാങ്കേതിക വിദ്യയുടെ ആത്മവിശ്വാസത്തിലാണ് ഇസ്രയേൽ സൈന്യം.
ഇസ്രയേലിലെ ഉത്പന്ന നിർമാതാക്കളായ പോളാരിസ് സൊല്യൂഷൻസ് രൂപകൽപന ചെയ്ത കാമോഫ്ളേജ് (അദൃശ്യരാക്കുന്ന) നെറ്റാണ് പുതിയ സംവിധാനം. ഫലത്തിൽ സൈനികരെ അദൃശ്യരാക്കുന്നതാണ് ഇതിന്റെ പ്രവർത്തനം. ഷീറ്റിന്റെ മാതൃകയിൽ സൈനികരെ മറച്ചുപിടിക്കാൻ ഈ സാങ്കേതിക വിദ്യയ്ക്കാകും.
അര കിലോഗ്രാമിനടുത്ത് ഭാരം മാത്രമേ ഈ ഷീറ്റുകൾക്കുള്ളൂ. അപകടരമായ യുദ്ധമേഖലകളിലേക്ക് യാത്ര ചെയ്യുന്ന സൈനികർക്ക് ഇത് ചുരുട്ടി കൊണ്ടുപോകാം. മാത്രമല്ല ഈ ഷീറ്റുകൾക്ക് 200 കിലോയിലധികം ഭാരം വഹിക്കാനും സാധിക്കും.
വനപ്രദേശങ്ങളിലും മരുഭൂമികളിലും ഉപയോഗിക്കാൻ കഴിയുന്ന രണ്ടുവശങ്ങളുമുള്ളതാണ് ഷീറ്റ് കിറ്റുകൾ. ശരീരത്തോട് ചുറ്റിപ്പിടിപ്പിച്ച് പാറകളോട് സാമ്യമുള്ള ഒരു തടസ്സമായും ഉപയോഗിക്കാനാകും. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ 300 കിറ്റ് ഷീറ്റുകളാണ് നിലവിൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൈക്രോ ഫൈബറുകളും ലോഹങ്ങളും മനുഷ്യ കണ്ണുകൾക്കും തെർമൽ ക്യാമറകൾക്കും കാണാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന മെറ്റിരീയിലുകളും ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.
ദൂരെ നിന്നും സൈനികരുടെ നീക്കം ബൈനോക്കുലറുകളുമായി നോക്കുന്ന ഒരാൾക്ക് സൈനികരെ കാണാനാകില്ലെന്ന് ഇതിന്റെ ഗവേഷണ വികസന യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Discussion about this post