ന്യൂയോര്‍ക്ക്: ഓമന മൃഗമായി വളര്‍ത്തുന്ന നായ നമ്മുടെ കുടുംബത്തിലെ അംഗമാണ്. പലപ്പോഴും നമ്മെ സഹായിക്കാന്‍ പോലും അതിനാകും. വളര്‍ത്തുനായ വീട്ടുകാരുടെ ജീവന്‍ രക്ഷിച്ച വാര്‍ത്തകളും നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു നായ താരമായ കഥയാണ് വൈറലാകുന്നത്.
ഇതാ ഈ 25കാരിക്ക് ക്ലാസില്‍ പോകുമ്പോഴും കൂട്ട് പ്രിയപ്പെട്ട നായയാണ്. ബ്രിറ്റനി ഹൗളിയും നായ ഗ്രിഫിനും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. വീല്‍ ചെയറിലുള്ള ജീവിതത്തില്‍ ഹൗളിക്ക് പലപ്പോഴും വഴികാട്ടി നായയാണ്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട 4വയസ്സുള്ള നായയാണ് ഗ്രിഫ്. ഹൗളി ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി രോഗികളെ പരിചരിക്കുമ്പോള്‍ ആകുംവിധം സഹായിക്കാന്‍ പോലും അവന്‍ ശ്രമിച്ചു. ഹൗളിക്ക് ഒക്കുപ്പേഷനല്‍ തെറപ്പിയില്‍ മാസ്റ്റേഴ്‌സ് സമ്മാനിക്കുമ്പോള്‍ ക്ലാര്‍ക്‌സണ്‍ സര്‍വകലാശാല ഗ്രിഫിനും കൊടുത്തു, ഓണററി ഡിപ്ലോമ.
കടുത്ത ശരീരവേദന ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ടാണു ഹൗളിയുടെ ജീവിതം. വാതില്‍ തുറക്കാനും ലൈറ്റിടാനും ലേസര്‍ പോയിന്റര്‍ കൊണ്ട് അവള്‍ ചൂണ്ടിക്കാട്ടുന്ന സാധനങ്ങള്‍ എടുത്തുകൊടുക്കാനും ഗ്രിഫിനുണ്ട്. ഇതിനല്ലാമപ്പുറമാണു മനസ്സിനു പകരുന്ന സാന്ത്വനം. വെസ്റ്റ് വെര്‍ജീനിയയില്‍ തടവുകാര്‍ പരിശീലിപ്പിച്ച നായ്ക്കളില്‍ നിന്നാണ് ഇവനെ ഹൗളിക്കു കിട്ടിയത്. ഇഷ്ടമുള്ള നായയെ നാം തിരഞ്ഞെടുക്കുകയല്ല, ഇഷ്ടമുള്ളയാളെ നായ തിരഞ്ഞെടുക്കുന്ന രീതിയാണവിടെ.
ഹൗളിയുടെ വീല്‍ചെയര്‍ കണ്ടു മറ്റു നായ്ക്കള്‍ വിരണ്ടപ്പോള്‍ ഗ്രിഫിന്‍ ചാടിവന്നു മടിയിലിരുന്നു; സ്‌നേഹപൂര്‍വം മുഖത്തു നക്കി. ഇപ്പോള്‍ ഇന്റേണ്‍ഷിപ് കഴിഞ്ഞ് ജോലിക്കുള്ള അപേക്ഷകളില്‍ ഹൗളി തന്നെയും ഗ്രിഫിനെയും ചേര്‍ത്തുള്ള പാക്കേജ് ഡീല്‍ ആണു മുന്നോട്ടുവയ്ക്കുന്നത്.