ജൊഹന്നാസ്ബര്‍ഗ് : ബഹുഭര്‍തൃത്വം നിയമപരമായി അംഗീകരിക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബഹുഭാര്യാത്വം നിയമപരമായ രാജ്യത്ത് സ്ത്രീകള്‍ക്ക് ഒരേസമയം ഒന്നിലധികം ഭര്ത്താക്കന്മാരെ അനുവദിക്കുന്നതിനെതിരെ
നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഗ്രീന്‍ പേപ്പര്‍ എന്നറിയപ്പെടുന്ന ഡോക്യുമെന്റിലാണ് നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദു,മുസ്ലിം,ജൂത വിവാഹങ്ങള്‍ അംഗീകരിക്കാനുള്ള നിര്‍ദേശവും ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബഹുഭര്തൃത്വത്തിനോട് മാത്രമാണ് പ്രതിപക്ഷത്തിനടക്കം എതിര്‍പ്പുള്ളത്. സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്ത്താക്കന്മാരെ അനുവദിക്കുന്നത് സമൂഹത്തിന് ദോഷകരമാണെന്ന് പ്രതിപക്ഷ നേതാവ് റവ.കെന്നത്ത് മീഷോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തങ്ങള്‍ക്കുള്ള സ്വാതന്ത്യം സ്ത്രീകള്‍ക്ക് വേണ്ട എന്ന സമീപനമാണ് മിക്കവര്‍ക്കും. ആഫ്രിക്കയുടെ തനത് സംസ്കാരത്തിന് കോട്ടം തട്ടുമെന്നും ആണുങ്ങളുടെ സ്ഥാനം ഒരിക്കലും സ്ത്രീകള്ക്കേറ്റെടുക്കാന് കഴിയില്ലെന്നും പുരുഷന്മാരിനി സ്ത്രീകളുടെ പേര് ചേര്‍ത്ത് നടക്കണോ എന്നുമൊക്കെയുള്ള ന്യായവാദങ്ങളാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്.നിയമപരമല്ലെങ്കിലും സൗത്ത് ആഫ്രിക്കയിലെ മിക്ക സ്ഥലങ്ങളിലും ബഹുഭര്‍തൃത്വം നിലവിലുണ്ട് എന്നതാണ് വസ്തുത. കുട്ടികളുണ്ടാവാത്ത പുരുഷന്മാരും സ്ത്രീകളെ ലൈംഗികമായി തൃപ്തിപ്പെടുത്താനാവാത്തവരുമൊക്കെ ബഹുഭര്തൃത്വത്തിനോട് വിമുഖത കാട്ടാറില്ലെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.രഹസ്യമായി നടക്കുന്ന ഇത്തരം കാര്യങ്ങള്‍ പരസ്യമായി അംഗീകരിക്കുന്നതിനാണ് പലര്‍ക്കും എതിര്‍പ്പ്.
പല കാര്യങ്ങളിലും തുറന്ന സമീപനമുള്ള ഭരണഘടനയാണ് ദക്ഷിണാഫ്രിക്കയുടേത്. സ്വവര്‍ഗ്ഗ വിവാഹം വളരെ നേരത്തേ തന്നെ രാജ്യത്ത് അംഗീകരിച്ചിട്ടുണ്ട്. പുരുഷന്മാര്ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വിവാഹം ചെയ്യാനും ഭരണഘടന അനുവദിക്കുന്നുണ്ട്.പക്ഷേ സ്ത്രീകള്‍ക്ക് ഒന്നില്‍ കൂടുതല്‍ പുരുഷന്മാരെ വിവാഹം ചെയ്യാം എന്നത് നിയമപരമായി അംഗീകരിച്ചിട്ടില്ല. ഒന്നിലധികം ഭാര്യമാരുള്ളവര്‍ പോലും ശുപാര്‍ശയെ ശക്തമായി തന്നെയാണ് എതിര്‍ക്കുന്നത്.
അതേസമയം പുരുഷാധിപത്യ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നു എന്ന കാരണത്താല്‍ നിയമങ്ങള്‍ തിരുത്തപ്പെടാതിരിക്കാന്‍ കഴിയില്ലെന്ന് സൗത്ത് ആഫ്രിക്കയിലെ പ്രശസ്ത അക്കാഡമീഷ്യന്‍ പ്രഫ.മച്ചൊക്കോ അറിയിച്ചു. സിംബാവേയിലെ ചില സമൂഹങ്ങളിലുള്ള ബഹുഭര്‍തൃത്വത്തെക്കുറിച്ച് മച്ചൊക്കോ നടത്തിയ പഠനത്തില്‍ ഇരുപതോളം സ്ത്രീകളും അവരുടെ നാല്പത്തിയഞ്ചോളം ഭര്ത്താക്കന്മാരും പങ്കെടുത്തിരുന്നു.
Discussion about this post