പിറന്നാള്‍ പാര്‍ട്ടിയില്‍ സിംഹം അതിഥിയായി എത്തിയതാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. പാര്‍ട്ടിയില്‍ അച്ചടക്കത്തോടെ സോഫാ സെറ്റില്‍ ഇരിക്കുന്ന സിംഹത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു.
പാകിസ്താന്‍ സ്വദേശിനി സൂസന്‍ ഖാന്‍ എന്ന യുവതിയാണ് സിംഹത്തെ കൊണ്ടുവന്ന് പാര്‍ട്ടി കളറാക്കിയത്. അതേസമയം, അച്ചടക്കത്തോടെ ഇരിക്കുന്നതിനും കാരണമുണ്ട്. മയക്കുമരുന്ന് നല്‍കി സോഫയില്‍ ചങ്ങലയ്ക്കിട്ടാണ് സിംഹത്തെ ഇരുത്തിയിരിക്കുന്നത്. അര്‍ധ ബോധാവസ്ഥയിലുള്ള സിംഹത്തെ വീഡിയോയില്‍ കാണാം. ഒരു പ്രദര്‍ശന വസ്തുവാക്കിയതില്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പ്രതിഷേധം ഉയരുന്നുണ്ട്.
ലാഹോറിലാണ് വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം നടന്നത്. ജീവനുള്ള സിംഹത്തെ വെറുമൊരു വസ്തുവാക്കി മാറ്റേണ്ടായിരുന്നു എന്നാണ് സൈബറിടത്തെ വികാരം. പിറന്നാളാഘോഷത്തിന് ആരും എതിരല്ലെന്നും എന്നാല്‍ ഒരു മൃഗത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്ന ക്രൂരതയെ അംഗീകരിക്കാനാകില്ലെന്നും സോഷ്യല്‍മീഡിയ പറയുന്നു.