മിസൗറി: ഇങ്ങനെ വേണം കോടതികള്‍ ശിക്ഷ നടപ്പാക്കേണ്ടത്. നൂറുകണക്കിന് മാനുകളെ കൊന്ന വേട്ടക്കാരന് അമേരിക്കയിലെ കോടതി വിധിച്ചത് വിചിത്ര ശിക്ഷാ നടപടി. അമേരിക്കയിലെ മിസൗറിയില്‍ നിന്നുമാണ് മാനുകളെ വേട്ടയാടിയതിന് ഡേവിഡ് ബെറി എന്നയാളെ പിടികൂടിയത്. കോടതി ഇയാള്‍ക്ക് രണ്ട് വര്‍ഷം തടവാണ് വിധിച്ചത്. എന്നാല്‍ ശിക്ഷാ നടിപടികളിലെ വ്യത്യാസം കാണുന്നത് ഇവിടെയാണ്… ശിക്ഷാകാലയളവില്‍ ഇയാള്‍ വാള്‍ട്ട് ഡിസ്‌നി നിര്‍മിച്ച ബാംബി എന്ന കാര്‍ട്ടൂണ്‍ സിനിമ കാണാനാണ് ശിക്ഷ.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഡേവിഡിനെ അറസ്റ്റ് ചെയ്തത്. മിസൗറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാളെ ഇത്രയധികം മാനുകളെ വേട്ടയാടുന്നതിന് പിടികൂടുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൊന്ന മാനുകളുടെ തല മാത്രം എടുത്ത് ഉടല്‍ ഉപേക്ഷിക്കലാണ് ഇയാളുടെ രീതി. ഇയാള്‍ കൊലപ്പെടുത്തിയ മാനുകളുടെ കൃത്യമായ എണ്ണം ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ നൂറുകണക്കിന് മാനുകളെ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതത്തില്‍ ഇയാള്‍ വിശദമാക്കുന്നത്.
1942 ല്‍ നിര്‍മിച്ച ബാംബി എന്ന ചിത്രം വേട്ടക്കാരനാല്‍ അമ്മയെ നഷടമായ ഒരു മാന്‍കുഞ്ഞിന്റെ കഥയാണ് വിവരിക്കുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഡേവിഡിനെ പിടികൂടിയത്. ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമേ അനധികൃതമായി ആയുധം ഉപയോഗിച്ചതിനും കോടതി ഇയാള്‍ക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.