ഒരു കിലോ പഴത്തിന്റെ വില 3336 ; ഒരു പാക്കറ്റ് കാപ്പിയുടെ വില 7000 രൂപ; ഉത്തര കൊറിയയില്‍ കടുത്ത ഭക്ഷ്യക്ഷാമം

പ്യോങ്യാങ്: ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം മൂലം ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി ഉയര്‍ന്നു. പ്യോങ്യാങില്‍ ഒരു കിലോ പഴത്തിന്റെ വില 3336 രൂപയായി ഉയര്‍ന്നതായി എന്‍കെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാക്കറ്റ് കാപ്പിയുടെ വില 7000 രൂപയായി. ചായയുടെ പാക്കറ്റിന് 5000ലധികം രൂപ നല്‍കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ സ്ഥിതി ഉത്തര കൊറിയുടെ തലവന്‍ കിം ജോങ് ഉന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ ഭക്ഷ്യ സ്ഥിതി മോശമാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉണ്ടായ ചുഴലിക്കാറ്റ് കാരണം കാര്‍ഷിക മേഖലയില്‍ കൃത്യമായ ഉത്പാദനം നടക്കാത്തതിനാല്‍ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടായി എന്നാണ് കിം ജോങ് ഉന്‍ പറയുന്നത്.

ചൈനയെ ആശ്രയിച്ച് കഴിയുന്ന സമ്പദ് വ്യവസ്ഥയാണ് ഉത്തര കൊറിയയുടേത്. അടുത്തിടെ ഭക്ഷണം, വളം ഉള്‍പ്പെടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഗണ്യമായി കുറവ് സംഭവിച്ചിരുന്നു. കൂടാതെ കോവിഡ് മഹാമാരി, അന്താരാഷ്ട്ര വിലക്ക് തുടങ്ങി വിവിധ കാരണങ്ങളുമാകാം ഭക്ഷ്യക്ഷാമത്തിലേക്ക് വഴിവെച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎന്‍ കണക്ക് പ്രകാരം ഉത്തര കൊറിയയില്‍ 860000 ടണ്‍ ഫുഡിന്റെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version