ടോക്യോ: കൊവിഡ് വ്യാപനം അവസാനിക്കാന്‍ പുതുവഴി തേടി ജപ്പാന്‍. ബുദ്ധമതദേവതയുടെ പ്രതിമയില്‍ മാസ്‌ക് അണിയിച്ചാണ് ജപ്പാന്റെ നടപടി. ജപ്പാനിലെ, ബുദ്ധമത ദേവതയുടെ ഏറ്റവും വലിയ പ്രതിമയാണ് ഇത്. നാല് ജീവനക്കാര്‍ മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് 57 മീറ്റര്‍ നീളമുള്ള ദേവതയുടെ പ്രതിമയില്‍ മാസ്‌ക് ധരിപ്പിച്ചത്.
ധയയുടെ ദേവതയായാണ് ജപ്പാന്‍കാര്‍ ബുദ്ധമത ദേവതയെ കാണുന്നത്. 35 കിലോ ഭാരമാണ് 4.1 മീറ്റര്‍ നീളവും 5.3 മീറ്റര്‍ വീതിയുമുള്ള മാസ്‌കാണ് ദേവതയെ അണിയിച്ചത്. 33 വര്‍ഷം മുമ്പാണ് ബുദ്ധമത ദേവതയുടെ പ്രതിമ ജപ്പാനിലെ ഫുക്കുവോക്കയില്‍ സ്ഥാപിച്ചത്. പ്രതിമയുടെ തോള്‍ വരെ എത്തുന്നതിനായി പ്രതിമയ്ക്കുള്ളില്‍ തന്നെ പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ഒരു കുഞ്ഞിനെ കൈയ്യിലേന്തി നില്‍ക്കുന്നതാണ് ഈ ദേവതയുടെ പ്രതിമ. കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കും രക്ഷ നല്‍കുന്നതാണ് ഈ ദേവതയെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കൊവിഡ് വ്യാപനം അവസാനിപ്പിക്കാന്‍ മാസ്‌ക് ധരിപ്പിച്ചത്. ജപ്പാനിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകും വരെ ദേവതയുടെ മാസ്‌ക് മാറ്റില്ലെന്നുമാണ് വിവരം.