ബീജിങ്: ചൈനയിലെ ഗവേഷക വിദ്യാർത്ഥികൾ പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളിൽ സ്ഥിരീകരിക്കുന്ന കണ്ടെത്തലുമായി രംഗത്ത്. കോവിഡ്19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട വൈറസുകളും ഇപ്പോൾ കണ്ടെത്തിയ കൊറോണ വൈറസ് കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ചൈനയിലെ ഷാഡോങ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികളാണ് ഗവേഷണത്തിന് പിന്നിൽ.
ഇതുവരെ ഗവേഷകർ തിരിച്ചറിഞ്ഞതിൽ ജനിതക ഘടന പ്രകാരം കോവിഡ്19 പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതൽ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. പുതിയതായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് ബാച്ചിൽ ചിലത് വവ്വാലുകളിൽ വളരെ വ്യാപകമായി പടർന്നേക്കാമെന്നും മനുഷ്യരിലേക്കും എത്താമെന്നും റിപ്പോർട്ട് പറയുന്നു. ചില പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ സാമ്പിളുകൾ കൂടുതൽ ആശങ്ക പകരുന്നതാണെന്നും ഗവേഷകർ പറയുന്നു.
മേയ് 2019 മുതൽ നവംബർ 2020വരെ നീണ്ടുനിന്ന പഠന റിപ്പോർട്ടുകളാണ് പുറത്തുവിട്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറൽ ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ വന മേഖലയിൽ നിന്നുള്ള വവ്വാലുകളെയാണ് പഠനത്തിനായി വിധേയമാക്കിയത്. വിവിധ വിഭാഗത്തിൽപെട്ട വവ്വാലുകളെ പഠനവിധേയമാക്കിയതിൽ നിന്ന് 24 ജീനോമുകളെ തിരിച്ചറിഞ്ഞുവെന്ന് സെൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ജൂണിൽ തായ്‌ലൻഡിൽ നിന്നും ശേഖരിച്ച സാർസ് കോവ്2 വൈറസ് സാമ്പിളുകളുമായി താരതമ്യം ചെയ്യുമ്പോൾ വവ്വാലുകൾക്കിടയിലെ വൈറസ് വ്യാപന സാധ്യത വ്യക്തമാകുന്നുണ്ടെന്നാണ് നിഗമനം.