ദുബായ്: മനുഷ്യരുടെ വിയര്‍പ്പ് മണത്തുനോക്കി ഫലം പറയും. കൊവിഡ് കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധനയെക്കാള്‍ നല്ലത് സ്നിഫര്‍ നായകളെന്ന് യുഎഇ പഠനം.
ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി കെ9 യൂണിറ്റ് ഡയറക്ടര്‍ അബ്ദുല്‍ സലാം അല്‍ ഷംസി, ഹയര്‍ കോളേജ് ഓഫ് ടെക്നോളജി ശാസ്ത്രസംഘത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫ. മുഹമ്മദ് ഹാഗ് അലി, അബ്ദുല്ല ലത്തീഫ് അല്‍ ഷംസി, യാസര്‍ മഹ്‌മൂദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
മനുഷ്യരുടെ വിയര്‍പ്പ് മണത്തുനോക്കി നായകള്‍ക്ക് കൊവിഡ് കണ്ടെത്താനാവുമെന്നാണ് പഠനം. സയന്‍സ് ജേണല്‍ നേച്ചര്‍ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 3249 പേരിലായിരുന്നു പരീക്ഷണം നടത്തിയത്. നായകളുടെ പരിശോധനാ സംവേദനക്ഷമത 3134 വ്യക്തികളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയെക്കാള്‍ മികച്ചതാണെന്ന് കണ്ടെത്തി.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയും ഡോഗ് ട്രെയിനര്‍മാരും ചേര്‍ന്നായിരുന്നു പുതിയ പരീക്ഷണം തുടക്കത്തില്‍ ഏറ്റെടുത്തിരുന്നത്. അല്‍ മഫ്രീഖ് വര്‍ക്കേഴ്സ് സിറ്റിയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിലെത്തിയ വ്യക്തികളുടെ സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം.
2020ല്‍ സഞ്ചാരികള്‍ക്കുള്ള വിലക്ക് ഭാഗികമായി എടുത്തുകളഞ്ഞസമയം ദുബായ് വിമാനത്താവളത്തിലെത്തിയിരുന്നവരില്‍ കൊവിഡ് രോഗമുണ്ടോ എന്നുകണ്ടെത്താന്‍ സ്നിഫര്‍ നായ്ക്കളെ ഉപയോഗിച്ചിരുന്നു. യാത്രികരില്‍നിന്നും എടുക്കുന്ന സ്രവം പ്രത്യേക മുറികളിലുള്ള നായകള്‍ക്ക് മണക്കാന്‍ കൊടുക്കുകയും അതുവഴി സ്രവത്തില്‍ കൊറോണ വൈറസിന്റെ അംശമുണ്ടോ എന്ന് കണ്ടെത്തുകയുമാണ് രീതി.
യാത്രക്കാര്‍ക്ക് നേരിട്ട് സ്‌നിഫറിന്റെ അടുത്തേക്ക് പോകേണ്ടതില്ല. യുഎഇ ഈ പരീക്ഷണത്തില്‍ വിജയിച്ചാല്‍ ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങള്‍ സ്നിഫര്‍ നായകളെ കൊവിഡ് കണ്ടെത്താന്‍ ഉപയോഗപ്പെടുത്തിയേക്കാം. ഒട്ടേറെ രാജ്യങ്ങള്‍ ഇപ്പോഴും ഇതിന്റെ പരീക്ഷണത്തിലാണ്. ഇവയ്ക്ക് കാന്‍സര്‍, ട്യൂബര്‍ക്കുലോസിസ്, മലേറിയ, ഡയബറ്റിക്‌സ് എന്നിവയും കണ്ടെത്താനാവുമെന്നാണ് പഠനങ്ങള്‍. പ്രത്യേക പരിശീലനം നല്‍കിയ നായകളാണ് സ്നിഫര്‍.