പൊണ്ണത്തടിയുള്ളവര്‍ സൂക്ഷിക്കണം; കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകും

രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍ മൂന്നിരട്ടിയോളമാവാനാണ് സാധ്യത

fat

ദുബായ്: പൊണ്ണത്തടിയുള്ളവര്‍ കുറച്ചധികം ജാഗ്രത പുലര്‍ത്തണം. ഇവരില്‍ കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷന്‍ ഡയറക്ടര്‍ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു.

ഇവര്‍ക്ക് ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകാം. അതുമൂലം ശ്വസനതടസ്സവും അനുഭവപ്പെടാം. രോഗപ്രതിരോധശേഷിയും ഇത്തരക്കാരില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയപോലുള്ള രോഗങ്ങള്‍ പിടിപെടാനും സാധ്യത കൂടുതലാണ്. അതോടെ കൊവിഡ് വൈറസ് ബാധ ഗുരുതരമാകും. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ ആശുപത്രിവാസവും തുടര്‍ചികിത്സകളും വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

60 വയസ്സിന് മുകളിലുള്ള ഹൃദ്രോഗ, വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവരിലും പ്രമേഹമുള്ളവരിലും കൊവിഡ് ബാധിച്ചാല്‍ രോഗം ഗുരുതരമാകാമെന്ന് ആഗോളപഠനം ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്കായി യുഎഇ ആരോഗ്യമന്ത്രാലയം പ്രത്യേക ബോധവത്കരണം തുടങ്ങിയിട്ടുണ്ട്.

പ്രതിരോധശേഷി ക്രമേണ കുറവുള്ള ഇത്തരക്കാര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കണം. മഹാമാരിയുടെ ആദ്യനാളുകളില്‍ അമിതവണ്ണമുള്ള രോഗികള്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും യുഎഇ മന്ത്രാലയം പ്രത്യേക ശ്രദ്ധയും ആരോഗ്യ പരിചരണവും നല്‍കിയിരുന്നു.

Exit mobile version