വാഷിംഗ്ടണ്‍ : ദ ബ്യൂട്ടി മിത്ത് എന്ന ബുക്കിലൂടെ ശ്രദ്ധേയയായ എഴുത്തുകാരി നവോമി വൂള്‍ഫിന് ട്വിറ്ററില്‍ വിലക്ക്. കോവിഡ് വാക്‌സിനെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി എന്ന കാരണത്താലാണ് വിലക്ക്.
കോവിഡ് വാക്‌സീനെക്കുറിച്ച് നവോമി ട്വിറ്ററിലൂടെ പങ്ക് വെച്ച ആശയങ്ങള്‍ പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്തവയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്ററിന്റെ നടപടി. 65 വയസ്സില്‍ താഴെയുള്ള ആരോഗ്യമുള്ള വ്യകിതിയാണെങ്കില്‍ നിങ്ങളെ സംരക്ഷിക്കാന്‍ മറ്റൊന്നിന്റെയും ആവശ്യമില്ല എന്നും കോവിഡ് ബാധിച്ചവരുടെയും അല്ലാത്തവരുടെയും വിസര്‍ജ്യങ്ങള്‍ വെവ്വേറെ സംസ്‌കരിക്കണമെന്നും നവോമി പറഞ്ഞത് വന്‍ വിവാദമായിരുന്നു.
ചരിത്ര വിദ്യാര്‍ഥി എന്ന നിലയില്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ട് തനിക്ക് പരിചിതമാണെന്നും ഒട്ടേറെ വംശഹത്യകളുടെ തുടക്കം മാത്രമാണിതെന്നും കഴിഞ്ഞയാഴ്ച വാക്‌സീനെക്കുറിച്ചുള്ള യുഎസ് കമ്മിറ്റിയില്‍ നവോമി തുറന്നടിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. രണ്ട് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉള്ള തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുഎസിന്റെ മുതിര്‍ന്ന വാക്‌സീന്‍ ഉപദേഷ്ടാവായ ഡോ.ആന്റണി ഫൗച്ചിയെ സാത്താന്‍ എന്ന് വിളിച്ചതും വന്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.
മുന്‍ യുഎസ് പ്രസിഡന്റ് അല്‍ ഗോറിന്റെ ഉപദേഷ്ടകയായി പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുള്ളയാളാണ് നവോമി. പത്തൊമ്പതാം നൂറ്റാണ്ടിലെ സ്വവര്‍ഗവിവാഹങ്ങളെ സംബന്ധിച്ച നവോമിയുടെ ബുക്ക് ഔട്ട്്‌റേജസ് അടിസ്ഥാനരഹിതമായ വസ്തുതകളാണ് പറയുന്നതെന്ന് യുഎസ് ആസ്ഥാനമാക്കിയുള്ള പ്രസിദ്ധീകരണ കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. ഗവേഷണം നടത്തിയാണ് പുസ്തകം എഴുതിയതെന്ന് വാദവും തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
വിലക്ക് എല്ലാക്കാലത്തേക്കുമുള്ളതാണെന്നും പുനപരിശോധിക്കാന്‍ ആലോചിക്കുന്നില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി.ട്വിറ്ററിന്റെ നടപടിയെ സ്വാഗതം ചെയ്ത് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയെങ്കിലും അഭിപ്രായ സ്വാതന്ത്യത്തിലുള്ള കൈകടത്തലാണ് ട്വിറ്ററിന്റെ നടപടിയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
Discussion about this post