ലണ്ടന്‍: പ്രത്യേക പരിശീലനം നല്‍കുന്ന നായ്ക്കള്‍ക്ക് കൊവിഡ് ബാധിതരെ കണ്ടെത്താന്‍ സാധിക്കുമെന്ന് പുതിയ പഠനം. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും വൈറസ് ബാധിതരെ കണ്ടെത്താന്‍ 90 ശതമാനത്തിലധികം സാധിക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് നായ്ക്കളും കോവിഡ് പരിശോധനയും സംബന്ധിച്ച വിഷയത്തില്‍ പഠനം നടത്തിയത്.
കൊവിഡ് രോഗലക്ഷണങ്ങളില്ലാത്ത വ്യക്തിയുമായി ബന്ധപ്പെട്ട കെമിക്കല്‍ സംയുക്തങ്ങളില്‍ നിന്ന് പ്രത്യേക ഗന്ധം തിരിച്ചറിയാന്‍ ഇവയ്ക്ക് സാധിക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് പഠനം നടത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികളുടെ മാസ്‌ക്, വസ്ത്രങ്ങള്‍ എന്നിവ ഇതിനായി ഗവേഷകര്‍ ശേഖരിച്ചു.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുടെ ഇരുന്നൂറോളം സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. പിന്നീട് ഇവ ഒരു ലാബോറട്ടറിയില്‍ ക്രമീകരിച്ചു. ആറുനായ്ക്കളെയാണ് ഗന്ധ പരിശോധനയ്ക്കായി ഗവേഷകര്‍ നിയോഗിച്ചത്. ആറുനായ്ക്കളും സാര്‍സ്‌കോവ് 2 സാമ്പിളുകള്‍ തിരിച്ചറിയുന്നതില്‍ വിജയിച്ചുവെന്ന് ഗവേഷകര്‍ പറയുന്നു.
Discussion about this post