ലണ്ടന്‍ : 1995ലെ ബിബിസി അഭിമുഖത്തെ തുടര്‍ന്നാണ് ഡയാന രാജകുമാരിയും ചാള്‍സ് രാജകുമാരനും തമ്മിലുള്ള ബന്ധം ഉലഞ്ഞതെന്ന ആരോപണവുമായി വില്യം രാജകുമാരന്‍. തെറ്റായ രേഖകള്‍ കെട്ടിച്ചമച്ചതാണ് ഇന്റര്‍വ്യൂവിന് ഡയാനയെ പ്രേരിപ്പിച്ചത് എന്ന് ബിബിസിയുടെ തന്നെ സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് വില്യം പ്രതികരിച്ചത്.
തെറ്റായ ബാങ്ക് രേഖകള്‍ ഹാജരാക്കി ഡയാനയുടെ അടുത്തയാളുകളെ ഉപയോഗിച്ച് അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ ശ്രമിക്കുന്നതായി ഡയാനയെ അവതാരകന്‍ മാര്‍ട്ടിന്‍ ബഷീര്‍ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കണ്ടെത്തിയത്.തന്നെ ചതിയില്‍ പെടുത്തുകയാണെന്ന് ഡയാനയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഒരു റിപ്പോര്‍ട്ടര്‍ മാത്രമല്ല ബിബിസിയുടെ തലപ്പത്തിരിക്കുന്ന എല്ലാവരും സംഭവത്തിനുത്തരവാദികളാണെന്നും വില്യം പറഞ്ഞു.
A statement on today’s report of The Dyson Investigation pic.twitter.com/uS62CNwiI8
— The Duke and Duchess of Cambridge (@KensingtonRoyal) May 20, 2021
ചാള്‍സ് രാജകുമാരനുമായുള്ള സ്വരച്ചേര്‍ച്ചകള്‍ പുറത്ത് കൊണ്ടുവന്ന ഇന്റര്‍വ്യൂ രാജകുടുംബത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇന്റര്‍വ്യൂ സംപ്രേക്ഷണം ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം ചാള്‍സും ഡയാനയും വിവാഹബന്ധം വേര്‍പ്പെടുത്തി. ഒരു കൊല്ലത്തിന് ശേഷം മുപ്പത്തിയാറാം വയസ്സില്‍ കാറപകടത്തില്‍ ഡയാന മരണമടഞ്ഞു.ഞങ്ങള്‍ മൂന്ന് പേരാണ് എന്റെ ദാമ്പത്യബന്ധത്തില്‍ ഉള്ളതെന്നായിരുന്നു ചാള്‍സുമായുള്ള വിവാഹബന്ധത്തെപ്പറ്റി ഡയാന ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. കമില പാര്‍ക്കറുമായുള്ള ചാള്‍സിന്റെ വഴിവിട്ട ബന്ധത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഇത്. ഡയാനയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം കമിലയെ ചാള്‍സ് വിവാഹം ചെയ്തിരുന്നു.
ഇന്റര്‍വ്യൂ ഡയാനയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും തികച്ചും തെറ്റായ കഥകളാണ് കാല്‍ നൂറ്റാണ്ടോളമായി പ്രചരിക്കുന്നതെന്നും വില്യം രാജകുമാരന്‍ കുറ്റപ്പെടുത്തി.സംഭവത്തില്‍ ബിബിസി ക്ഷമാപണം നടത്തി വല്യമിന് കത്തയച്ചിരുന്നു. മാറ്റ് വീസ്ലെര്‍ എന്ന ഗ്രാഫിക് ഡിസൈനറാണ് ഇന്റര്‍വ്യൂ സാധ്യമാക്കാന്‍ ഉപയോഗിച്ച പല രേഖകളും വ്യാജമാണെന്ന് ആദ്യമായി പറഞ്ഞത്. തുടര്‍ന്ന് ഇയാളെ ബിബിസി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇത് സത്യമാണെന്ന് തെളിഞ്ഞതോടെ ഇയാളോടും ബിബിസി ക്ഷമ ചോദിച്ചു.സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആദ്യപടിയാണ് ബിബിസിയുടെ സ്വയം വിമര്‍ശനറിപ്പോര്‍ട്ട് എന്ന് ഹാരി അഭിപ്രായപ്പെട്ടു.