കാലിഫോര്‍ണിയ : വ്യാജരേഖകള്‍ കാട്ടി കോവിഡ് ദുരിതാശ്വാസ വായ്പ സ്വന്തമാക്കിയ യുവാവ് പിടിയില്‍. യുഎസിലെ കാലിഫോര്‍ണിയ സ്വദേശി മുസ്തഫ ഖാദിരിയാണ് പിടിയിലായത്.കോവിഡില്‍ സാമ്പത്തിക പ്രയാസം നേരിട്ട ചെറുകിട വ്യവസായികള്‍ക്ക് യുഎസില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കോവിഡ് വായ്പ അനുവദിച്ചിട്ടുണ്ട്. ഇതാണ് ഇയാള്‍ വ്യാജരേഖകള്‍ കാട്ടി സ്വന്തമാക്കിയത്.
ഏകദേശം അഞ്ച് മില്യണ്‍ ഡോളര്‍ (36 കോടിയിലധികം രൂപ) ആണ് ഇയാള്‍ ഇത്തരത്തില്‍ സ്വന്തമാക്കിയതെന്ന് പൊലീസ് പറഞ്ഞു.വായ്പയെടുത്ത പണമുപയോഗിച്ച് ആഡംബരക്കാറുകള്‍ വാങ്ങിക്കൂട്ടിയ ഖാദിരി ഉല്ലാസയാത്രകളും നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഇയാളുടെ വീട്ടില്‍ നിന്ന് ഫെറാരി, ബെന്റ്ലി, ലംബോര്‍ഗിനി തുടങ്ങിയ കാറുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിലവില്‍ പ്രവര്‍ത്തനമില്ലാത്ത നാല് കമ്പനികളുടെ പേരില്‍ മൂന്ന് ബാങ്കുകളില്‍ നിന്നായാണ് ഇയാള്‍ വായ്പ എടുത്തിരിക്കുന്നത്. ഇതിനായി ഇയാള്‍ ബാങ്ക് രേഖകളില്‍ കൃത്രിമം നടത്തുകയും വ്യാജ നികുതി രേഖകള്‍ നിര്‍മിക്കുകയും ചെയ്തു. തൊഴിലാളികളെ സംബന്ധിച്ചും തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ഖാദിരിയെ പിന്നീട് ഒരു ലക്ഷം ഡോളറിന്റെ ബോണ്ടില്‍ വിട്ടയച്ചു. കേസില്‍ ഇനി ജൂണ്‍ 29ന് വിചാരണ ആരംഭിക്കും.
Discussion about this post