തിരക്കേറിയ നിരത്തില്‍ നോട്ട് മഴ! ആദ്യം അമ്പരന്നെങ്കിലും പണം പെറുക്കിയെടുത്ത് സ്ഥലം കാലിയാക്കി നാട്ടുകാര്‍; ദയവായി പണം തിരിച്ചേല്‍പ്പിക്കൂ അപേക്ഷിച്ച് പോലീസ്

അതിരാവിലെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പ്രദേശത്തെ ജനങ്ങളെ അമ്പരപ്പിച്ച് നോട്ടു മഴ.

ന്യൂ ജഴ്‌സി: അതിരാവിലെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പ്രദേശത്തെ ജനങ്ങളെ അമ്പരപ്പിച്ച് നോട്ടു മഴ. ആദ്യമൊന്ന് യാത്രക്കാര്‍ ഞെട്ടിയെങ്കിലും, റോഡ് നിറയെ പറന്നിറങ്ങിയ ഒറിജിനല്‍ കറന്‍സി കെട്ടുകള്‍ കണ്ട് വെറുതെ നില്‍ക്കാനായില്ല. പെറുക്കിയെടുക്കല്‍ തുടങ്ങി. നാട്ടുകാര്‍ മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതോടെ വന്‍ ട്രാഫിക് ബ്ലോക്കുമായി.
അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണ് സംഭവം. ബാങ്കുകളിലേക്ക് പണവുമായി പോയ ട്രക്കില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ റോഡില്‍ വീണതെന്നാണ് ഈസ്റ്റ് റൂതര്‍ഫോര്‍ഡ് പോലീസ് നല്‍കുന്ന വിശദീകരണം.
ഒടുവില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വാഹനങ്ങള്‍ വിട്ടിറങ്ങിയ ആളുകള്‍ പണം വാരിക്കൂട്ടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, റോഡില്‍ വീണ നോട്ടുകള്‍ എടുത്തവരെ കണ്ടെത്തി പണം തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇക്കാര്യത്തില്‍ ആര്‍ക്കെതിരെയും കേസെടുക്കില്ലെന്നും എന്നാല്‍ പണം തിരികെ എത്തിക്കാന്‍ ശ്രമിക്കുമെന്നും പോലീസ് വ്യക്തമാക്കി.

അപകടത്തില്‍ പെട്ട ട്രക്കിന്റെ വാതില്‍ അടക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമായത്. എത്ര പണമാണ് നഷ്ടമായതെന്ന് കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

Exit mobile version