സാധാരണ വൈറസുകളെക്കാൾ അപകടകാരി; വാക്‌സിനെ മറികടന്നേക്കും; ഇന്ത്യയിലെ കോവിഡ് വകഭേദം ലോകത്തിന് തന്നെ ആശങ്ക; ലോകാരോഗ്യസംഘടന

covid

ജനീവ: ജനിതക വകഭേദം വന്ന ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് വൈറസിനെ ചൊല്ലി ആഗോളതലത്തിൽ ഉത്കണ്ഠ ഏറുകയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്നും വകഭേദത്തിന്റെ വർധിച്ച രോഗവ്യാപനത്തെക്കുറിച്ച് ഗവേഷകർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

അതിനാൽ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമായി ബി.1.617നെ വിലയിരുത്തിയെന്നും സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കേർഖോവ് പറഞ്ഞു.

ഇതുവരെ കണ്ടെത്തിയ സാധാരണ കോവിഡ് വൈറസുകളെക്കാൾ അപകടകരവും വാക്‌സിൻ സുരക്ഷയെ മറികടക്കാനിടയുള്ളതുമാണ് ഇന്ത്യയിലെ വകഭേദം എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. നേരത്തെ, ഇന്ത്യയിൽ പടരുന്ന വകഭേദത്തെക്കുറിച്ച് ഇത്തരമൊരു മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനും നൽകിയിരുന്നു. രോഗലക്ഷണങ്ങൾ ഇതിലേക്കു വിരൽചൂണ്ടുന്നതായും അവർ അഭിപ്രായപ്പെട്ടു.

ഡബ്ല്യുഎച്ച്ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞമാസം ഒക്ടോബറിലാണ് ബി.1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20ഓളം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബി.1.617ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയിൽ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഇന്ത്യൻ വകഭേദമാണെന്നാണ് കണ്ടെത്തൽ.

Exit mobile version