ഇംഗ്ലണ്ട്: ഇവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ശവപ്പെട്ടിയില്‍ കിടക്കുന്നതാണെന്ന് അമ്മായിഅപ്പന്റെ പരിഹാസത്തിന് ശവപ്പെട്ടി പോലൊരു വീടുണ്ടാക്കി മറുപടി കൊടുത്ത് മരുമകന്റെ മറുപടി. ഇന്ന് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ചിത്രം. ഇംഗ്ലണ്ടിലെ ബ്രിക്സ്ഹാം നഗരത്തിലാണ് ഒറ്റനോട്ടത്തില്‍ പഴയ ശവപ്പെട്ടിയുടെ രൂപത്തിലുള്ള ഈ വീട് നിര്‍മിച്ചിരിക്കുന്നത്. 1836 ല്‍ നിര്‍മിച്ച ഈ വീട് വില്പനയ്ക്കു വച്ചതോടെയാണ് വീടിന് പിന്നിലെ കഥയും വൈറലായത്.
ഒരു യുവതിയും അവരുടെ പിതാവും തമ്മിലുള്ള തര്‍ക്കത്തിന്റെ ബാക്കിയാണ് ഈ വീടെന്നാണ് വീട് വില്പനയ്ക്ക് വച്ചിരിക്കുന്ന സ്റ്റേജ് എസ്റ്റേറ്റ് ഏജന്റ്സിന്റെ സൈറ്റില്‍ പറയുന്നത്. മകള്‍ തനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പിണക്കം ആരംഭിച്ചത്. നീ എന്റെ മകളെ വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് അവള് ശവപ്പെട്ടിയില്‍ കിടക്കുന്നതാണെന്ന ഡയലോഗും ഭാവി മരുമകനോട് അച്ഛന് പറഞ്ഞു. അതില്‍ നിന്നുണ്ടായ വാശിയിലാണ് ശവപ്പെട്ടി വീടിന് പിറവിയായത്.
ശേഷം, വീട് കണ്ടതോടെ മനസ്സുമാറിയ അമ്മായി അച്ഛന് ഇരുവരുടെയും വിവാഹത്തിന് സമ്മതം മൂളുകയും ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാത്ത ഈ വീട് പല ആളുകള്‍ വാടകയ്ക്കെടുത്തിരുന്നു. ഇപ്പോള്‍ അതില്‍ ഭക്തസാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയായി പ്രവര്‍ത്തിക്കുകയാണ്. ലോഡ്ജ്, റസ്റ്റൊറന്റ്, ക്ലോക്ക് ഷോപ്പ് എന്നിങ്ങനെ പല സ്ഥാപനങ്ങളും ഈ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും വെബ്സൈറ്റ് പറയുന്നുണ്ട്.
പുറത്തു നിന്ന് ചെറിയ വീടാണെങ്കിലും മൂന്നു നിലകളിലായി ധാരാളം സ്ഥലമാണ് വീടിനുള്ളിലുള്ളത്. വലിയ സിറ്റിങ് റൂമും ഡൈനിങ്ങ് റൂമും ഒരു സ്റ്റഡി ഏരിയയും കിച്ചണും മൂന്ന് ബെഡ്റൂമും അടങ്ങുന്നതാണ് വീട്. സിറ്റിങ്ങ് റൂമില്‍ ഇരുന്നാലാണ് വീടിന്റെ ശരിയായ രൂപം മനസ്സിലാക്കാന്‍ കഴിയുക.
Discussion about this post