സിഡ്‌നി: ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് ഓസ്‌ട്രേലിയ. മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന തങ്ങളുടെ സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കും ഓസ്‌ട്രേലിയ വിലക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കാണ് വിലക്ക്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് പിഴയും അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കര്‍ശനമായി തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയന്ത്രണം. ഇന്ത്യയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിരവധി രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയില്‍ നിന്ന് മടങ്ങി എത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. രാജ്യത്ത് നിന്നുള്ള വിമാനങ്ങള്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍ ശിക്ഷ വിധിച്ചുള്ള ഓസട്രേലിയയുടെ ഉത്തരവ്.
അഞ്ച് വര്‍ഷം തടവാണ് വിലക്ക് ലംഘിച്ചാല്‍ ലഭിക്കുമെന്നാണ് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പ്രസ്താവനയില്‍ വിശദമാക്കിയത്. ഓസ്‌ട്രേലിയയിലെ ജനങ്ങളുടെ ആരോഗ്യവും ക്വാറന്റൈനും കണക്കിലേടുത്താണ് തീരുമാനമെന്നും ഗ്രെഗ് ഹണ്ട് വ്യക്തമാക്കി. അതേസമയം വിവാദ ഉത്തരവിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
തീരുമാനത്തിനെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്‌സ് വാച്ച് രംഗത്തെത്തി. സര്‍ക്കാരിന്റേത് ‘അതിരുകടന്ന തീരുമാനമായിപ്പോയെന്ന്’ അവര്‍ കുറ്റപ്പെടുത്തി. ‘സ്വന്തം നാട്ടില്‍ തിരിച്ചെത്തുക എന്നത് ഒരു പൗരന്റെ മൗലികമായ അവകാശമാണ്. നിലവിലെ ക്വാറന്റീന്‍ സംവിധാനം ശക്തിപ്പെടുത്താതെ ഇങ്ങനെ ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളത്,’ സംഘടന ചോദിക്കുന്നു. ഓസ്‌ട്രേലിയയുടെ പുതിയ നീക്കത്തില്‍ വംശീയത മുഴച്ചുനില്‍ക്കുന്നതായി നിരവധി ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ വംശജര്‍ അഭിപ്രായപ്പെട്ടു.
ഇതോടെ ഇന്ത്യയില്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ വംശജരുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഏകദേശം 9,000 ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയില്‍ കുടുങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ പ്രതിദിനം ശരാശരി 23 പോസിറ്റീവ് കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തുന്നത്. 2020 മാര്‍ച്ച് മുതല്‍ അതിര്‍ത്തികള്‍ അടച്ചതിനെത്തുടര്‍ന്നാണ് കൊവിഡിനെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചത്.
Discussion about this post