ഇസ്ലാമാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്കായി സഹായം അഭ്യർത്ഥിച്ച് പാകിസ്താൻ മുൻക്രിക്കറ്റ് താരം ഷൊഐബ് അക്തർ. അടിയന്തരചികിത്സയ്ക്ക് ആവശ്യത്തിന് ഓക്സിജൻ ഇല്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യയെ പാകിസ്താൻ സർക്കാരും ആരാധകരും സഹായിക്കണമെന്ന് ഷൊഐബ് അക്തർ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് കോവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണ്. രാജ്യതലസ്ഥാനത്ത് ഉൾപ്പടെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്ത്യയിലെ കോവിഡ് കേസുകൾ 25 ലക്ഷത്തിലധികമാണ് നിലവിൽ. ഗുരുതര രോഗികൾ ഓക്സിജൻ കിട്ടാതെ മരണത്തിന്റെ വക്കിലായത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് സഹായം ലഭ്യമാക്കണമെന്ന അഭ്യർത്ഥനയുമായി അക്തർ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് അക്തറിന്റെ അഭ്യർഥന.
”ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി നേരിടുക എന്നത് ഏതൊരു സർക്കാരിനും അസാധ്യമാണ്. ഇന്ത്യയെ സഹായിക്കാൻ ഞാൻ എന്റെ സർക്കാരിനോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഇന്ത്യക്ക് ധാരാളം ഓക്സിജൻ ടാങ്കുകൾ ആവശ്യമാണ്. ഇവ ലഭ്യമാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.” -അക്തർ പറഞ്ഞു.
Discussion about this post