മാഡ്രിഡ്: കോവിഡ് ലക്ഷണങ്ങൾ എല്ലാം കാണിച്ചിട്ടും മാസ്‌ക് പോലും ധരിക്കാതെ ജോലി സ്ഥലത്തും ജിമ്മിലും വീട്ടിലുമെല്ലാം കറങ്ങി നടന്ന് 22 പേർക്ക് കോവിഡ് പരത്തി യുവാവ്. ഒടുവിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി.
22 പേർക്ക് കോവിഡ് പരത്തിയ 40കാരനെയാണ് സ്‌പെയിൻ പോലീസ് അറസ്റ്റ് ചെയ്തത്. മജോർക്കയിലെ യുവാവാണ് കടുത്ത ചുമയും പനിയുമടക്കം എല്ലാ കോവിഡ് രോഗലക്ഷണങ്ങളുണ്ടായിട്ടും നിരീക്ഷണത്തിൽ പോകാതെയും മാസ്‌ക് ഒഴിവാക്കിയും ജിമ്മിലും ജോലിസ്ഥലത്തുമൊക്കെ പോയത്.
പോകുന്നിടത്തെല്ലാം ഇയാൾ തനിക്ക് കോവിഡുണ്ടെന്ന് ഇയാൾ എല്ലാവരോടും പറഞ്ഞു നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജിമ്മിലെ അഞ്ച് സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായി. കുടുംബാംഗങ്ങളടക്കം മറ്റ് 14 പേരും രോഗാണുവാഹകരായി. ഒരു വയസ്സിൽ താഴെയുള്ള മൂന്നു കുഞ്ഞുങ്ങളളെ ഇയാൾ ഓമനിക്കുകയും ഇത് വഴി രോഗം പകരുകയും ചെയ്തു.
ദിവസങ്ങളായി രോഗലക്ഷണം കാട്ടിയിട്ടും വീട്ടിൽ ക്വാറന്റീനിൽ പോകാൻ മടി കാണിച്ച ഇയാൾ ജോലിക്കും ജിമ്മിനും പോകുകയായിരുന്നു. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പിസിആർ ടെസ്റ്റ് നടത്തിയ ദിവസവും ഇയാൾ ജിമ്മിൽ പോയി. പിറ്റേന്ന് പരിശോധനാഫലം പോസിറ്റീവാകുകയും ചെയ്തു.
അതേസമയം, ഇയാൾ കോവിഡ് പരത്തിയ 22 പേരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് സ്‌പെയിൻ പോലീസ് പറഞ്ഞു.