മകന്റെ വധുവാകാന്‍ പോകുന്നത് സ്വന്തം മകളാണെന്ന് അമ്മ തിരിച്ചറിയുന്നത് വിവാഹ ദിനത്തില്‍ മണ്ഡപത്തിലെത്തുമ്പോഴാണ്. നാടകീയമായ സംഭവ വികാസങ്ങള്‍ക്കാണ് ചെനയിലെ ജിയാങ്സൂ പ്രവിശ്യയിലുള്ള സൂചോ എന്ന സ്ഥലത്ത് ഒരു വിവാഹ വേദി സാക്ഷ്യം വഹിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ മകളെ മകന്റെ ഭാവി വധുവായി കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ആ അമ്മ.
മാര്‍ച്ച് 31 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. യുവതിയുടെ കൈയ്യില്‍ കണ്ട പാടാണ് കാര്യങ്ങളെ എല്ലാം തകിടം മറിച്ചത്. ഇരുപത് വര്‍ഷം മുമ്പ് നഷ്ടമായ മകളുടെ കൈയ്യിലും സമാനമായ പാട് ഉണ്ടായിരുന്നു. യുവതിയുടെ കയ്യിലെ പാട് കണ്ടതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് അവളെ അവര്‍ ദത്തെടുത്തതാണോ എന്ന് വരന്റെ അമ്മ തിരക്കി.
എന്നാല്‍ യുവതിയെ തങ്ങള്‍ ദത്തെടുത്തതാണെന്ന് ഇരുവരും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കാര്യമറിഞ്ഞതോടെ ഇരുപത് വര്‍ഷം മുമ്പ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിനെ തങ്ങള്‍ വളര്‍ത്തുകയായിരുന്നു എന്ന് അവര്‍ തുറന്നു പറഞ്ഞു. പിന്നീടാണ് തന്റെ മകളാണ് വധുവായി എത്തിയതെന്ന സത്യം ഈ അമ്മ തിരിച്ചറിയുകയായിരുന്നു.
അമ്മയെ കണ്ടെത്തിയ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും ഇനി വിവാഹം എങ്ങനെ നടത്തുമെന്ന സങ്കടത്തിലായി യുവതി. തന്റെ സഹോദരനെ വിവാഹം കഴിക്കാനാന്‍ തീരുമാനിച്ചതിലുള്ള ദു:ഖത്തില്‍ നില്‍ക്കുമ്പോഴാണ് അമ്പരപ്പിക്കുന്ന മറ്റൊരു ട്വിസ്റ്റ് കൂടി നടന്നത്.
യുവാവിനെ താന്‍ ദത്തെടുത്തതാണെന്നും അതിനാല്‍ ഇരുവരും രക്തബന്ധമുള്ള സഹോദരങ്ങള്‍ അല്ലെന്നും അമ്മ എല്ലാവരെയും അറിയിക്കുകയായിരുന്നു. ഇരുപത് വര്‍ഷം മുമ്പ് മകളെ നഷ്ടമായതോടെയാണ് ഒരു ആണ്‍കുട്ടിയെ ദത്തെടുത്തതെന്ന് അമ്മ പറയുന്നു. മകളെ കുറിച്ച് വര്‍ഷങ്ങളോളം അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്ന് കരുതിയ മകളെ മകന്റെ ഭാവി വധുവിന്റെ വേഷത്തില്‍ കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ വിവാഹം സന്തോഷത്തോടെ തന്നെ നടക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലും വൈറലാണ് ഇവരുടെ ഈ ധന്യമുഹൂര്‍ത്തം.
Discussion about this post