ജാഫ്‌ന: ശ്രീലങ്കയിൽ നടന്ന സൗന്ദര്യ മത്സര വേദിയിലുണ്ടായ സംഘർഷത്തിൽ വിജയിയായ യുവതിക്ക് പരിക്കേറ്റു. ശ്രീലങ്കയിലെ പ്രധാന സൗന്ദര്യ മത്സരമായ മിസിസ് ശ്രീലങ്ക വേൾഡ് വേദിയിൽ വെച്ചാണ് സമ്മാനം നൽകാനെത്തിയ മുൻവർഷത്തെ വിജയിയും ഈ വർഷത്തെ വിജയിയും തമ്മിൽ തർക്കമുണ്ടായത്. ഒടുവിൽ തർക്കത്തിൽ വിജയിക്ക് പരിക്കേൽക്കുകയായിരുന്നു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുഷ്പിക ഡി സിൽവയാണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സൗന്ദര്യ മത്സരത്തിന്റെ അവാർഡ്ദാന ചടങ്ങ് നടന്നത്. ഒന്നാം സ്ഥാനം നേടിയ പുഷ്പികയെ കിരീടം ചൂടിക്കാനായി 2019ലെ വിജയിയായ കാരോലിൻ സ്‌റ്റേജിലെത്തിയിരുന്നു.
ആദ്യം പുഷ്പികയ്ക്ക് കിരീടം നൽകിയ കരോലിൻ പിന്നീട് അത് പിടിച്ചുവാങ്ങി രണ്ടാം സമ്മാനം നേടിയ യുവതിക്ക് നൽകാനൊരുങ്ങിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. പുഷ്പിക വിവാഹമോചിതയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരോലിന്റെ നടപടി.
വിവാഹമോചിതരായവർ മത്സരത്തിൽ പങ്കെടുക്കരുതെന്ന നിയമമുണ്ടെന്നും പുഷ്പിക വിവാഹമോചിതയാണെന്നും അതുകൊണ്ട് താൻ കിരീടം തിരിച്ചെടുക്കുകയാണെന്നും കരോലിൻ വേദിയിൽ വെച്ച് പ്രഖ്യാപിച്ചു. തുടർന്ന് നൽകിയ കിരീടം ഊരിയെടുക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടിയിലാണ് പുഷ്പികയ്ക്ക് പരിക്കേറ്റത്.
താൻ വേർപ്പിരിഞ്ഞു കഴിയുകയാണെന്നും അല്ലാതെ വിവാഹമോചനം നേടിയിട്ടില്ലെന്നും പുഷ്പിക അറിയിച്ചു. ഇത് കേൾക്കാൻ കൂട്ടാക്കാതെ കരോലിൻ കിരീടം ഊരിയെടുത്ത് രണ്ടാം സ്ഥാനത്തെത്തിയ യുവതിക്ക് നൽകുകയായിരുന്നു. തുടർന്ന്പുഷ്പിക വേദിയിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.
എന്നാൽ പിന്നീട് അധികൃതർ പുഷ്പിക വിവാഹമോചിതയല്ലെന്ന് സ്ഥിരീകരിക്കുകയും ഇവരെ തന്നെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കരോലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരോലിന്റെ നടപടിയെ അധികൃതർ അപലപിച്ചു.
Discussion about this post