വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും വലിപ്പം കൂടിയതുമായ വജ്രം കണ്ടെത്തി. വടക്കന്‍ കാനഡയിലെ ഡയവിക് എന്ന ഖനിയില്‍ നിന്നുമാണ് വജ്രം കണ്ടെത്തിയത്. കോഴിമുട്ടയുടെ വലിപ്പവും മഞ്ഞ നിറത്തിലുമുള്ള വജ്രം അപൂര്‍വ്വമായി മാത്രമാണ് കണ്ടുവരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 552 കാരറ്റുള്ള വജ്രം കണ്ടെത്തിയത് ഡൊമീനിയന്‍ ഡയമണ്ട് ഖനി എന്ന കമ്പനിയാണ്.
നിലവില്‍ ഈ ഖനിയില്‍ നിന്നുതന്നെ കണ്ടെത്തിയ ഫോക്സ് ഫയര്‍ വജ്രമാണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിപ്പമേറിയത്. 187.7 കാരറ്റുള്ള ഫോക്സ് ഫയറിനെക്കാള്‍ ഇരട്ടി വലുപ്പമാണ് ഇപ്പോള്‍ കണ്ടെത്തിയ വജ്രത്തിലുള്ളതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അതേ സമയം 1905 ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കണ്ടെടുത്ത 3,106 കാരറ്റ് ഭാരമുള്ള ‘ കള്ളിനന്‍ ‘ എന്ന വജ്രമാണ് കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും മൂല്യമേറിയത്.
പുതുതായി കണ്ടെത്തിയ വജ്രത്തെ പോളിഷ് ചെയ്തെടുക്കാനും മൂല്യനിര്‍ണയം നടത്താനുമുള്ള വിദഗ്ധരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡയവിക് ഖനി അധികൃതര്‍. ആകെ മുപ്പതോളം വലിപ്പമേറിയ വജ്രങ്ങളാണ് ഇതുവരെയായി കണ്ടെത്തിട്ടുള്ളത്. ഇങ്ങനെ കണ്ടെത്തുന്ന വലിപ്പമുള്ള വജ്രങ്ങളെ ചെറുതാക്കി ടവര്‍ ഓഫ് ലണ്ടനില്‍ സൂക്ഷിച്ച് വെക്കുകയാണ് പതിവ്. ഡയവികില്‍ നിന്നും ഖനനം നടത്താനുള്ള അനുമതി ഉള്ളത് ഡൊമീനിയന്‍ കമ്പനിക്കാണ്. 2003 ലാണ് ഡൊമീനിയന്‍ ഖനന രംഗത്ത് സജീവമായത്.
Discussion about this post