സൂയസ്: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന് ചരക്കുക്കപ്പലിനെ ഒടുവില്‍ രക്ഷപ്പെടുത്തി. ഇതോടെ ഒരാഴ്ചയോളം നീണ്ടുനിന്ന ജലഗതാഗത പ്രതിസന്ധിക്കാണ് അവസാനമുണ്ടായത്. ‘അവള് സ്വതന്ത്രയായി’ എന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥന് പ്രതികരിച്ചു. കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകള്‍ ,ടഗ്ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടത്തി വന്നിരുന്നത്.
നീണ്ട ആറ് ദിവസത്തെ, പരിശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പല്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിച്ചത്. സൂയസ് കനാല്‍ അധികൃതര്‍, ഡച്ച് സ്ഥാപനമായ സ്മിത് സാവേജ് എന്നിവര്‍ സംയുക്തമായാണ് കപ്പല്‍ നീക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കപ്പല്‍ രക്ഷാപ്രവര്‍ത്തനമായി മാറിയിരിക്കുകയാണ് ഏവര് ഗിവണിനെ നീക്കാനുള്ള ഈ ശ്രമം.
എവര്‍ ഗ്രീന്‍ എന്ന തായ്വാന് കമ്പനിയുടെ എയര്‍ഗിവണ്‍ എന്ന കപ്പല്‍ ഭീമന് കനാലില്‍ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജലപാതയില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ഒരാഴ്ചയോളമാണ് ജലഗതാഗതം തടസ്സപ്പെട്ടത്. ഏകദേശം 370ഓളം കപ്പലുകള്‍ കനാലിന്റെ ഇരുഭാഗത്തും കുടങ്ങി. ഇവയില്‍ പലതും തെക്കേ ആഫ്രിക്കന്‍ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
കനാലിലൂടെയുള്ള യാത്ര സാധാരണമാവാന്‍ മൂന്ന് ദിവസം വരെ വേണ്ടി വന്നേക്കുമെന്ന് സൂയസ് കനാല്‍ അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം 100 കപ്പലുകള്‍ക്ക് കനാലിലൂടെ യാത്ര നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടന്‍ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയാണ് എവര്‍ഗിവണ്‍ നിലയുറപ്പിച്ചിരുന്നത്. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍.
Discussion about this post