നരേന്ദ്ര മോഡി ബംഗ്ലാദേശില്‍; നേരിട്ടെത്തി സ്വീകരിച്ച് ഷേയ്ഖ് ഹസീന

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ടെത്തി സ്വീകരിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന.

കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്. ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായാണ് മോഡി രാജ്യം സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

ധാക്കയില്‍ പത്ത് മണിയോടെയെത്തിയ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി ഷേയ്ഖ് ഹസീന സ്വീകരിച്ചു. യുദ്ധ സ്മാരകത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഒരു ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു.

ബംഗ്ലാദേശിന്റെ വികസനത്തില്‍ ഇന്ത്യ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് യാത്രയ്ക്ക് മുമ്പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ നരേന്ദ്ര മോഡി മുഖ്യാതിഥിയാകും. സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത് വാ ക്ഷേത്രവും മോഡി സന്ദര്‍ശിക്കും. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായകമായ നയതന്ത്ര ചര്‍ച്ചകളില്‍ പങ്കെടുക്കും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് മാത്രമായി ഉപയോഗിക്കാനുളള എയര്‍ ഇന്ത്യ വണ്‍ (എ.ഐ 160) വിമാനത്തിലാണ് നരേന്ദ്ര മോഡി ധാക്കയിലറങ്ങിയത്. യുഎസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്ണിനോട് കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് വിമാനത്തിലുളളത്.

8458 കോടിയാണ് ഇതിന്റെ വില. ആഢംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിംഗ് 777 എയര്‍ ഇന്ത്യ സജ്ജമാക്കിയത്. വൈഫൈ, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ്, സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ്, മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ടാകും. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് വലിയ വിമാനങ്ങളെ ഇന്‍ഫ്രാറെഡ് പോര്‍ട്ടബിള്‍ മിസൈലുകളില്‍ നിന്നു സംരക്ഷിക്കും.


ഇന്‍ഫ്രാറെഡ് സെന്‍സറുകളാണു മിസൈലിന്റെ ദിശ മനസിലാക്കുക. വിമാനത്തില്‍ നിന്ന് പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങള്‍ മിസൈലുകളുടെ ഗതി മാറ്റും. ഇതിനായി പൈലറ്റ് ഒന്നും ചെയ്യേണ്ട. ശത്രു റഡാറുകള്‍ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തിലുണ്ട്.

Exit mobile version