തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ചു കടന്ന് ലോകത്തെ അമ്പരപ്പിച്ച കരിന ഒലിയാനിയെ തേടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ബ്രസീല്‍ സ്വദേശിനിയാണ് കരിന ഒലിയാനി. തടാകത്തിനു കുറുകെ വലിച്ചുകെട്ടിയ ലോഹക്കയറിലൂടെ 100,58 മീറ്റര്‍ (392 അടി) ദൂരമാണ് കരിന സഞ്ചരിച്ചത്. ഭൂമിയിലെ ഏറ്റവും ദുഷ്കരമായ ഭൂപ്രകൃതികളില്‍ ഒന്നായിട്ടാണ് എത്യോപ്യയിലെ അഫാര്‍ പ്രദേശത്തുള്ള എര്‍ടാ അലേ അഗ്നിപര്‍വതവും സമീപ പ്രദേശങ്ങളും അറിയപ്പെടുന്നത്.
തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതത്തിന്റെ ക്രേറ്റര്‍ ഗര്‍ത്തം സ്ഥിരമായി ഉരുകിയൊലിക്കുന്ന ലാവ നിറഞ്ഞതാണ്. എര്‍ട്ട അലേയ്ക്ക് 613 മീറ്റര്‍ (2,011 അടി) ഉയരമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ദുഷ്കരമായ ട്രെക്ക് റൂട്ടുകളിലൊന്നാണിവിടം. ഇവിടെയാണ് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് കരിന ലാവ തടാകം മുറിച്ച് കടന്നത്.
എവറസ്റ്റ് കൊടുമുടി കീഴടക്കിയ പ്രായം കുറഞ്ഞ ബ്രസീലുകാരിയാണ് കരിന. രണ്ടു വശത്തു നിന്നും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ലാറ്റിനമേരിക്കക്കാരി, മൗണ്ട് കെ ടു കയറിയ ആദ്യ ബ്രസീലുകാരി, അനകോണ്ടയ്ക്കും ജയന്റ് വൈറ്റ് ഷാര്‍ക്കിനുമൊപ്പം നീന്തിയ വനിത എന്നിങ്ങനെ ഒട്ടേറെ സാഹസിക ബഹുമതികള്‍ സ്വന്തമാക്കിട്ടുളളതാണ് കരിന. പിന്നാലെയാണ് ഇപ്പോള്‍ റെക്കോര്‍ഡ് നേട്ടവും കരിനയെ തേടിയെത്തിയത്.
Discussion about this post