ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തുന്നതിനിടെ കടുത്ത പ്രതിഷേധവുമായി ബംഗ്ലാദേശിലെ യുവാക്കൾ. മോഡിയുടെ സന്ദർശനത്തിനെതിരായി ധാക്കയിൽ പ്രതിഷേധിച്ചവർക്കെതിരെ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചാണ് പോലീസ് ജനരോഷം അടിച്ചമർത്തുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തി വച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ പര്യടനം വീണ്ടും തുടങ്ങിയതിനിടെയാണ് ധാക്കയിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്. മുസ്ലിം വിരുദ്ധമായ പ്രധാനമന്ത്രിയുടെ നിലപാടിനെതിരെയാണ് പ്രതിഷേധം.
വിദ്യാർത്ഥികളും യുവജനങ്ങളുമാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും. വ്യാഴാഴ്ചയാണ് ധാക്കയിൽ യുവജന പ്രതിഷേധം ശക്തമായത്. പോലീസിന്റെ കണ്ണീർവാതക പ്രയോഗത്തിനെതിരെ പ്രക്ഷോഭകർ കല്ലേറ് നടത്തി. 33 പേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 2000ത്തോളം വിദ്യാർത്ഥി പ്രക്ഷോഭകർ പ്രതിഷേധത്തിൽ പങ്കെടുത്തു.
അതേസമയം, ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി ഇന്നും നാളെയുമായി വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനായാണ് നരേന്ദ്ര മോഡി ബംഗ്ലാദേശിലെത്തിയത്. സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത് വാ ക്ഷേത്രവും മോദി സന്ദർശിക്കും. നാളെ പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്തെ വോട്ട് ബാങ്കിൽ നിർണ്ണായക ശക്തിയായ മത്വ വിഭാഗത്തിന്റെ ക്ഷേത്രത്തിൽ മോഡി സന്ദർശനം നടത്തുന്നത് വോട്ട് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ്.
Discussion about this post