ഇദ്ലിബ്: സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ തകർന്നടിഞ്ഞുപോയ അനേകം കുടുംബങ്ങളുടെ നേർക്കാഴ്ചയായി അനാഥരാക്കപ്പെട്ട 12 പിഞ്ചുകുട്ടികളും ഒരു പടുവൃദ്ധനും. അബ്ദുൾ റസാഖ് അൽ ഖാത്തൂൻ എന്ന വയോധികനായ കർഷകന്റെ ഭാര്യയും 13 മക്കളും യുദ്ധത്തിനിടെയാണ് മരണപ്പെട്ടത്. വാർധക്യകാലത്ത് തണലേകേണ്ട മക്കൾ നഷ്ടപ്പെട്ട അബ്ദുൾ റസാഖ് ഇപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ട 12 പേരക്കുട്ടികൾക്ക് തണലൊരുക്കാൻ പാടുപെടുകയാണ്. 84കാരനാണ് അബ്ദുൾ റസാഖ്.
യുദ്ധത്തിനുമുമ്പുള്ള സിറിയയിലെ ഹമയിലെ സമ്പന്നനായ കർഷകനായിരുന്നു അബ്ദുൾ റസാഖ് ഖാത്തൂൻ. എന്നാൽ,പത്തുവർഷം നീണ്ട ആഭ്യന്തരയുദ്ധം കുടുംബത്തിന്റെ സമ്പത്തും വിലമതിക്കാനാവാത്ത ജീവനുകളും കവർന്നു.
13നും 27നും ഇടയിൽ പ്രായമുണ്ടായിരുന്ന മക്കളാണ് യുദ്ധത്തിനിടെ മരണപ്പെട്ടതെന്ന് അബ്ദുൾ റസാഖ് പറയുന്നു. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെതിരേ പ്രവർത്തിക്കുന്ന വിമതസംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു മക്കളിൽ ചിലർ. യുദ്ധം തുടങ്ങി ഒരുകൊല്ലം തികയും മുമ്പേ മൂന്നുജീവനുകൾ നഷ്ടപ്പെട്ടു. പിന്നാലെ ബാക്കിയുള്ളവരും. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ ഹമയിലെ വീടിനുമുകളിൽ റോക്കറ്റുപതിച്ചാണ് അബ്ദുൾ റസാഖിന്റെ ഭാര്യ മരിച്ചത്.
മരണത്തിൽ നിന്നും മുടുനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ട അബ്ദുൾ റസാഖ് ഖാത്തൂൻ ഇപ്പോൾ പേരക്കുട്ടികൾക്കായി ജീവതത്തോട് മല്ലടിക്കുകയാണ്. വടക്കൻ ഇദ്ലിബിലെ ഒരു കുടിലിൽ പേരക്കുട്ടികൾക്കും മരുമക്കൾക്കുമൊപ്പമാണ് താമസം. കൃഷിയാണ് ഏക വരുമാനമാർഗം. ദൈനംദിന ചെലവിനു വകകണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തിന് യുദ്ധാനന്തരം യൂണിസെഫ് ഉൾപ്പടെയുള്ള സംഘടനകൾ നൽകുന്ന സഹായം മാത്രമാണ് ആശ്രയം. അതേസമയം, ആഭ്യന്തരയുദ്ധം തകർത്ത സിറിയയിൽ ഖആത്തൂൻ കുടുംബത്തിന് ഉണ്ടായ നഷ്ടം ഒറ്റപ്പെട്ടതല്ലെന്നാണ് യാഥാർത്ഥ്യം.
Discussion about this post